ബാസ്റ്റിൻ ഷ്വാൻസ്റ്റൈഗർ; ജർമനിയുടെ സുവർണ കാലഘട്ടത്തിന്റെ വക്താവ്.
ബാസ്റ്റിൻ ഷ്വായ്ൻസ്റ്റൈഗർ ബൂട്ടഴിക്കുമ്പോൾ ഫുട്ബോൾ ആരാധകർക്കുമുന്നിൽ ഓർമ്മയാകുന്നത് ഒരു കാലഘട്ടമാണ്. 2006ൽ ജർമനിയുടെ മണ്ണിലുദയം ചെയ്തു 2014ൽ മികവിന്റെ പാരമ്യത്തിലെത്തി ഒടുവിൽ പതിയെ വിസ്മൃതിയുടെ ചുരുളുകളിലേക്കു മറഞ്ഞ ജർമ്മൻ ഫുട്ബോളിന്റെ സുവർണ കാലഘട്ടം.
ഒരു ചുഴലിക്കൊടുങ്കാറ്റുപോലെയായിരുന്നു ഷ്വായ്ൻസ്റ്റൈഗറുടെ ഫുട്ബോൾ കരിയർ. 2006 ലോകകപ്പിൽ ജർമ്മനിയുടെ ഇടതുവിങ്ങിലൂടെ പതിയെ കടന്നുവന്ന ഷ്വായ്ൻസ്റ്റൈഗർ മികവിന്റെ ഉച്ചസ്ഥായിയിലെത്തിയത് 2012-2014 കാലയളവിലായിരുന്നു. ഈ വർഷങ്ങൾക്കിടയിലായിരുന്നു അയാളുടെ നേട്ടങ്ങളെല്ലാം ഷ്വായ്ൻസ്റ്റൈഗർ സ്വന്തമാക്കിയതും. അതിന്റെ തുടക്കം രണ്ടു യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലുകളിലൂടെയായിരുന്നു. 2012ൽ ചെൽസിയ്ക്കെതിരെ നിർണായക പെനാൽറ്റി നഷ്ടമാക്കി തലകുനിച്ചു നിന്ന അയാൾ പക്ഷേ വെറും ഒരു വർഷത്തിനുള്ളിൽ അതേ ഫൈനൽ വേദിയിൽ തലയുയർത്തിനിന്നു ആര്യൻ റോബനായിരുന്നു അന്നു കളിയിലെ കേമനായതെങ്കിലും ബവേറിയൻ ആക്രമണങ്ങളുടെ സ്റ്റാർട്ടിങ് പോയന്റായി ഷ്വായ്ൻസ്റ്റൈഗർ കളിയിൽ നിറഞ്ഞു നിന്നു.
റോബനും റിബറിയും വിങ്ങുകളിൽ അരങ്ങുവാണ ബയേൺ നിരയുടെ സെന്റർ മിഡഫീൽഡരായിരുന്നു ഷ്വായ്ൻസ്റ്റൈഗർ.
ഒരു വാഹനത്തിന്റെ എഞ്ചിൻ എങ്ങനെയാണോ പ്രവർത്തിക്കുന്നത് അതുപോലെയായിരുന്നു കളിച്ച ടീമുകൾക്കെല്ലാം ഷ്വായ്ൻസ്റ്റൈഗർ. കരുത്തുറ്റ ഷോട്ടുകളോ എതിരാളികളുടെ ഹൃദയം പിളർക്കുന്ന റണ്ണുകളോ തന്റെ ആരാധകർക്കായി ഓർമയിൽ സൂക്ഷിക്കാൻ അയാൾ നൽകിയിട്ടില്ല. പക്ഷേ എല്ലായ്പോഴും
ടീമിന്റെ ആക്രമണങ്ങൾ അയാളിലൂടെയായിരുന്നു ജീവൻ വെച്ചത്. അവ എതിർ പോസ്റ്റിൽ ഗോളായി മാറുമ്പോൾ പലപ്പോഴും ഷ്വായ്ൻസ്റ്റൈഗറുടെ ഭാവനാത്മകമായ തുടക്കമായിരുന്നു ചർച്ച ചെയ്യപ്പെട്ടത്. ആ ഷ്വായ്ൻസ്റ്റൈഗറായിരുന്നു 2014 ലോകകപ്പിലുടനീളം ജർമനിയുടെ നട്ടെല്ലായി വർത്തിച്ചത്.
അഞ്ചുഗോളുകൾ നേടി ഫൈനൽ പ്രവേശനമുറപ്പിച്ചശേഷം ബ്രസീലിനെതിരായ സെമിഫൈനലിൽ രണ്ടാം പകുതിയിൽ സബ്സ്റ്റിറ്റിയൂട് ചെയ്യപ്പെട്ട ഷ്വായ്ൻസ്റ്റൈഗർ പൂർണ ആരോഗ്യവാനായാണ് അർജന്റീനയ്ക്കെതിരായ ഫൈനലിൽ കളിച്ചത്. കാരണം മെസ്യൂട് ഓസിൽ, തോമസ് മുള്ളർ മുതലായ പ്രതിഭാധനരായ മിഡ് ഫീൽഡർമാരാൽ സമ്പന്നമായിരുന്നിട്ടും
കോച്ച് ജോകിം ലോയുടെ പ്ലാനുകളിൽ വ്യക്തമായ പ്രാധാന്യം ഷ്വായ്ൻസ്റ്റൈഗറിനുണ്ടായിരുന്നു . ഫൈനലിൽ അയാൾ താൻ എന്തുകൊണ്ടാണ് ടൂർണമെന്റിലുടനീളം ജർമൻ ടീമിന്റെ നട്ടെല്ലായി വർത്തിക്കുന്നതെന്നു തെളിയിക്കുകയും ചെയ്തു. 120 മിനുറ്റുകളും ലയണൽ മെസ്സിയും ഗോൺസാലോ ഹിഗ്വയ്നുമടങ്ങിയ അർജന്റൈൻ മുന്നേറ്റങ്ങൾ മധ്യനിരയിൽ അവസാനിച്ചത് അയാളുടെ മിടുക്കിലായിരുന്നു. ജർമ്മനിയുടെ മിക്ക മുന്നേറ്റങ്ങളും തുടങ്ങിയതും അയാളുടെ ബൂട്ടുകളിൽ നിന്നായിരുന്നു. ശാരീരികമായും മാനസികമായും അയാളായിരുന്നു ജർമനിയുടെ പോരാളി.
2016 യൂറോ കപ്പിനു ശേഷം അയാളിലെ കരുത്തു ചോർന്നുതുടങ്ങി. പതിയെ ആ കാലുകളിലെ വേഗത നഷ്ടമായി. ഒടുവിൽ അമേരിക്കയിൽ വച്ചയാൾ തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഈ ദശാബ്ദത്തിലെ ജർമനിയുടെ മികച്ച കാൽപന്തുകളിക്കാരിൽ ഫിലിപ് ലാമിനും, തോമസ് മുള്ളർക്കുമൊക്കെ പിന്നിലായിരിക്കും ഷ്വായ്ൻസ്റ്റൈഗറിന്റെ സ്ഥാനം. പക്ഷേ മിക്കപ്പോഴും അയാളിലൂടെയായിരുന്നു ജർമനിയുടെ പ്രതീക്ഷകൾക്കു നിറങ്ങൾ ലഭിച്ചിരുന്നത്.






































