ലയണൽ മെസ്സി; കാറ്റലൻ കോട്ടയുടെ കാവൽ മാലാഖ
ഈ വർഷത്തിന്റെ തുടക്കം ലയണൽ മെസ്സിയെന്ന ഫുട്ബോൾ താരത്തിന്റെ കരിയറിൽ അത്ര മികച്ചതായിരുന്നില്ല. കോപ്പ അമേരിക്കയിലെ മോശം പ്രകടനവും സസ്പെൻഷൻ കവർന്നെടുത്ത ഇന്റർനാഷണൽ മത്സരങ്ങളും, പിന്നീട് ബാഴ്സലോണയ്ക്കു വേണ്ടി കളത്തിലിറങ്ങിയപ്പോൾ സംഭവിച്ച പരിക്കും ചേർന്നു കൂടുതൽ സമയവും അയാളെ കളത്തിനു പുറത്തിരുത്തി.
പക്ഷേ ലയണൽ മെസ്സിയെന്ന കളിക്കാരൻ എന്തുകൊണ്ടാണ് മികച്ചവനാകുന്നതെന്നു കളത്തിൽ തെളിയിക്കാനുള്ള അവസരമായിരുന്നു അയാൾക്കത്. ഇന്റർ മിലാനെതിരായ വിജയത്തിൽ സീസണിലാദ്യമായി തൊണ്ണൂറു മിനുട്ടും കളത്തിലിറങ്ങാൻ സാധിച്ചതോടെ അയാളുടെ ആത്മവിശ്വാസം വർധിച്ചു. അതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം സെവിയ്യയ്ക്കെതിരായ മത്സരത്തിൽ കാണാൻ സാധിച്ചത്. ലാ ലീഗ സീസണിലാദ്യമായി തൊണ്ണൂറു മിനുട്ടും കളിച്ച മെസ്സി പതിയെ എതിരാളികളുടെ പേടിസ്വപ്നമായ മെസ്സിയാകുകയായിരുന്നു.
കഴിഞ്ഞ കളികളിൽ തങ്ങളുടെ സൂപ്പർ താരത്തിന്റെ അസാന്നിധ്യം ടീമിനെ ഒരു പരിധിവരെ ബാധിക്കാതെ കാത്ത സുവാരസിന്റെ ഗോളിൽ തുടങ്ങിയ ബാഴ്സ അവസാന വിസിൽ മുഴങ്ങുന്നതിനു മുന്നേ മൂന്നു തവണകൂടി സെവിയ്യയുടെ വല കുലുക്കിയിരുന്നു. സെവിയ്യ താരങ്ങൾ തീർത്ത പ്രതിരോധ മതിലിനു മുകളിലൂടെ ഗോൾ കീപ്പർ വാസ്ലൈക്കിനെ പരാജയപ്പെടുത്തിയ ഫ്രീ കിക്കിലൂടെ ടീമിന്റെ നാലാം ഗോൾ നേടിയ മെസ്സി തന്റെ ഫോമിനെപ്പറ്റി ചുരുക്കം ചില ആരാധകരുടെ മനസ്സിലെങ്കിലും നിലനിന്ന സംശയങ്ങൾക്കുള്ള മറുപടിയും നൽകി.
ലയണൽ മെസ്സി കളത്തിലിറങ്ങുമ്പോൾ ഭീഷണി നേരിടുക എതിരാളികൾ മാത്രമല്ല. ലോക ഫുട്ബോളിലെ ഒരുപിടി റെക്കോർഡുകൾ കൂടിയാണ്. ഇന്നലെയും അതു തന്നെ സംഭവിച്ചു. സെവിയ്യയ്ക്കെതിരായ ഫ്രീകിക്ക് ഗോളായതോടെ തുടർച്ചയായ പതിനാറാം ലാ ലീഗ സീസണിലും അയാളുടെ ബൂട്ടിൽ നിന്നും ഗോൾ പിറന്നു. ഈ നൂറ്റാണ്ടിൽ ഈ നേട്ടം കൈവരിച്ച ആദ്യ താരമായി മാറി മെസ്സി. സെവിയ്യയ്ക്കെതിരെ എന്നുമയാൾ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സെവിയ്യയ്ക്കെതിരെ അയാളുടെ മുപ്പത്തിയേഴാം ഗോളായിരുന്നു മെസ്സി ഇന്നലെ നേടിയത്.
മെസ്സിയുടെ സാന്നിധ്യം ബാഴ്സലോണയുടെ കളിയിലും പ്രകടമായിരുന്നു. അവസാന നിമിഷങ്ങളിൽ ഡെംബലെയും അറോജോയും ചുവപ്പുകാർഡു കണ്ടു മടങ്ങിയതൊഴിച്ചാൽ ലാ ലീഗ സീസണിലെ തന്നെ ബാഴ്സയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്നലെ കണ്ടത്. ജയത്തോടെ റയൽ മാഡ്രിഡിനു പിന്നിൽ രണ്ടാം സ്ഥാനത്തെത്താനും ബാഴ്സയ്ക്കു സാധിച്ചു. ആരാധകരുടെ പോലും വിമർശനങ്ങൾക്കു വിധേയനാകുന്ന ബാഴ്സ കോച്ച് വാൽവർദേയ്കും ആശ്വാസമാകുന്നതാണ് ഈ ജയം.
മികച്ച ഡ്രിബ്ലിങ്ങുകളും പന്തടക്കവുമായി കളം നിറഞ്ഞ മെസ്സി ബാഴ്സയുടെ എതിരാളികളെ ഒന്നോർമിപ്പിക്കുന്നു.
“എന്നും കാറ്റലൻ കോട്ടയുടെ കാവൽ മാലാഖയാണയാൾ. അയാളെ താണ്ടി അതിൽ വിള്ളലുകൾ വീഴ്ത്താൻ നിങ്ങളൊരുപാടു വിയർപ്പൊഴുക്കേണ്ടിയിരിക്കുന്നു.






































