യൂറോപ്പ ലീഗ് – ജയത്തോടെ പ്രതീക്ഷ നിലനിർത്തി വൂൾവസ്
യൂറോപ്പ ലീഗ് ഗ്രൂപ്പ് തല മത്സരത്തിൽ ഇംഗ്ലീഷ് ടീമായ വൂൾവ്‌സിന് വിജയം. ടർക്കിഷ് ക്ലബായ ബെസിക്ട്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നായ്‌കൂട്ടങ്ങൾ തോൽപ്പിച്ചത്. ആദ്യ മത്സരം പോർച്ചുഗീസ് ക്ലബായ ബ്രാഗയോട് തോറ്റതിനാൽ വിജയം അവർക്ക് അനിവാര്യം ആയിരുന്നു. ഇതോടെ ഗ്രൂപ്പിൽ 3 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് വൂൾവ്സ്.
ഇഞ്ചുറി ടൈമിൽ ആണ് വിജയ ഗോൾ പിറന്നത്. ഫ്രഞ്ച് സെന്റർ ബാക്ക് ആയ വില്ലി ബോളിയാണ് രക്ഷകനായി മാറിയത്. കോർണർ ബോൾ ഹെഡ് ചെയ്താണ് അദ്ദേഹം വലചലിപ്പിച്ചത്. ടർക്കിയിൽ പോയി വിജയിക്കാൻ സാധിച്ചത് നൂനോ സാന്റോയുടെ ടീമിന് നൽകുന്ന ഊർജം ചെറുതാകില്ല. അടുത്ത മത്സരത്തിൽ വൂൾവ്‌സ് സ്ലോവാക്യൻ ക്ലബായ ബ്രാട്ടിസ്ലാവയെ നേരിടും.






































