Foot Ball Top News

വീണ്ടും രക്ഷകനായി ആബ: ആർസെനാൽ -യുണൈറ്റഡ് മത്സരം സമനിലയിൽ

October 1, 2019

author:

വീണ്ടും രക്ഷകനായി ആബ: ആർസെനാൽ -യുണൈറ്റഡ് മത്സരം സമനിലയിൽ

ചരിത്രം വഴിമാറിയില്ല, പതിവ് പോലെ ഓൾഡ് ട്രാഫോഡിൽ വിജയം നേടാൻ കഴിയാതെ ആർസെനൽ. ഈ സീസണിൽ എന്നും ആര്സെനലിന്റെ രക്ഷകനായ അബാമേയാങ്ങ് ഇന്നും രണ്ടാം പകുതിയിലെ ഗോളോടെ ഗണ്ണേഴ്സിനെ അപ്രതീക്ഷിത തോൽ‌വിയിൽ നിന്നും രക്ഷിച്ചു. സീസണിലെ ആദ്യ യുണൈറ്റഡ് -ആർസെനൽ പോരാട്ടം ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

ആദ്യ പകുതിയിൽ ഏതാനും ചില മുന്നേറ്റങ്ങൾ ഒഴിച്ച് നിർത്തിയാൽ പ്രീമിയർ ലീഗിലെ ക്ലാസ്സിക്‌ പോരാട്ടമെന്നു വിശേഷിക്കപ്പെടുന്ന മത്സരം വിരസമായിരുന്നു. ഇരുവശത്തും കാര്യമായ മുന്നേറ്റങ്ങൾ ഇല്ലാതിരുന്ന ആദ്യ പകുതിയിൽ അവസാന 5മിനിറ്റുകളിൽ ചൂട് പിടിച്ചു. 43ആം മിനുട്ടിൽ യുണൈറ്റഡ് ഗോളി ഡി ഗിയ ഇരട്ട സേവിലൂടെ ആർസെനലിനെ ഗോൾ നേടാൻ അനുവദിക്കാതിരുന്നപ്പോൾ തൊട്ടടുത്ത നിമിഷം ബോക്സിനു പുറത്തു നിന്നു ഉജ്ജ്വലമായ ഒരു ഷോട്ടിലൂടെ മക്‌ടോമിനി യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി യുണൈറ്റഡ് 1-0നു മുന്നിട്ടു നിന്നു.

ഒപ്പമെത്താൻ ആര്സെനാലും വിജയമുറപ്പിക്കാൻ യുണൈറ്റഡും ആഞ്ഞു ശ്രമിച്ചപ്പോൾ രണ്ടാം പകുതിയിൽ കളി ആവേശത്തിലായി. 59ആം മിനുട്ടിൽ യുണൈറ്റഡിന്റെ ഡിഫെൻസിവ് പിഴവ് മുതലാക്കി സാകയുടെ പാസിൽ നിന്നും അബാമേയാങ്ങ് വലകുലുക്കി. എന്നാൽ ലൈൻ റഫറി ഓഫ്‌സൈഡ് വിളിച്ചു. VAR ചെക്കിങ്ങിൽ തീരുമാനം താരം ഓൺ സൈഡ് ആണെന്ന് വ്യക്‌തമായതോടെ ഗോൾ അനുവദിച്ചു. അവസാന മിനിറ്റുകളിൽ യുണൈറ്റഡിന് ചില നല്ല അവസരം ലഭിച്ചെങ്കിലും ഗോളി ബെൻഡ്‌ ലെനോ വിലങ്ങുതടിയായി.

ആര്സെനലിന്റെ നിക്കൊളാസ് പെപെ ഈ മത്സരത്തിലും നിരാശപ്പെടുത്തിയപ്പോൾ കോച്ച് എമറി 72ആം മിനുട്ടിൽ താരത്തെ പിൻവലിച്ചു. യുണൈറ്റഡിന് വേണ്ടി ഡാനിയേൽ ജെയിംസ് ഈ മത്സരത്തിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആർസെനൽ ഗോൾമുഖത്തു നിരന്തരം ജെയിംസിന്റെ മുന്നേറ്റങ്ങൾ ഭീഷണിയുയർത്തി. പരിക്കും ഫോമില്ലായ്മയും കൊണ്ട് ദുർബലമായ യുണൈറ്റഡിന് മേൽ വിജയം നേടാനാവാത്തത് ആർസെനൽ കോച്ച് എമറിക്കു മേൽ സമ്മർദമുയർത്തുമെന്നുറപ്പ്, ഇതിനകം എമറിക്കെതിരെ നിരവധി ആർസെനൽ ആരാധകരാണ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

Leave a comment