രാഹുൽ ദ്രാവിഡ് ; 1999 ലോകകപ്പിലെ ഏറ്റവും മികച്ചവൻ
1999 ലോകകപ്പിലെ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ പ്രകടനങ്ങൾ ഒന്നോർത്തെടുക്കാം. ഏതാകും അവയിൽ മികച്ചത്?. ടോൺടണിൽ ശ്രീലങ്കൻ ബൗളർമാരെ തച്ചുതകർത്ത സൗരവ് ഗാംഗുലി നേടിയ 183 റണ്ണുകൾ?. അതോ അച്ഛന്റെ ചിതയടങ്ങും മുൻപേ തിരികെയെത്തി സെഞ്ചുറി നേടിയ മാസ്റ്റർ ബ്ലാസ്റ്ററുടെ ക്രിക്കറ്റ് ജീവിതത്തിലെ തന്നെ ഏറ്റവും വികാരപരമായ ഇന്നിങ്‌സോ?.
ടൂർണമെന്റിനെപ്പറ്റി ചിന്തിക്കുമ്പോൾ ഏതൊരു ഇന്ത്യൻ ആരാധകന്റെയും മനസ്സിൽ ആദ്യമോടിയെത്തുക മേൽപറഞ്ഞ പ്രകടനങ്ങളാകുമെന്നതിൽ സംശയമില്ല. പക്ഷേ അവയോടൊപ്പം തന്നെ പ്രസക്തിയുള്ളവയായിരുന്നു രാഹുൽ ദ്രാവിഡിന്റെ ഇന്നിങ്‌സുകൾ. ടൂർണമെന്റിലുടനീളം ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായി നിന്നത് ദ്രാവിഡിന്റെ സ്കോറുകളായിരുന്നു.
1994ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചെങ്കിലും ദ്രാവിഡിന്റെ ഏകദിന കരിയറിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ചെറിയ സ്കോറുകളും താഴ്‌ന്ന സ്ട്രൈക്ക് റേറ്റുകളും നിറഞ്ഞ തുടക്കമായിരുന്നതിനാലാകാം ഒരു ലോകകപ്പ് അരങ്ങേറ്റത്തിനായി 1999 ലോകകപ്പ് വരെ അയാൾക്കു കാത്തിരിക്കേണ്ടി വന്നത്. ഏകദിനത്തിലെ മോശം പ്രകടനത്തിനിടയിലും ടെസ്റ്റിൽ തുടർച്ചയായി മികച്ച സ്‌കോറുകൾ കണ്ടെത്തിയതോടെ ദ്രാവിഡ് ഒരു ടെസ്റ്റ് സ്പെഷ്യലിസ്റ്റായി നിർവചിക്കപ്പെട്ടു. പക്ഷേ 1998-99 ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ ടോപ് സ്‌കോറർ പ്രകടനം ദ്രാവിഡിനെ ലോകകപ്പ് ടീമിലെത്തിച്ചു.
കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അർദ്ധസെഞ്ചുറി പ്രകടനവുമായാണ് ദ്രാവിഡ് 99 ലോകകപ്പിൽ തന്റെ വരവറിയിച്ചത്. പക്ഷേ ആ മത്സരവും സിംബാബ്‌വെയ്ക്കെതിരെ അടുത്ത മത്സരവും തോറ്റ ഇന്ത്യയുടെ ടൂർണമെന്റിലെ നിലനിൽപ്പു തന്നെ അവതാളത്തിലായി. പക്ഷേ അടുത്ത മത്സരത്തിൽ കെനിയയ്‌ക്കെതിരെ സച്ചിനും ദ്രാവിഡും ചേർന്നു തീർത്ത 237 റണ്ണുകളുടെ കൂട്ടുകെട്ട് ഇന്ത്യയ്ക്കു പുതുജീവൻ നൽകി. മത്സരത്തിനിടെ പരിക്കേറ്റ നയൻ മോൻഗിയയ്ക്കു പകരം വിക്കറ്റ് കീപ്പറാകുകയും കൂടി ചെയ്തതോടെ ടീമിന് എന്നും ഉപകാരമാകുന്ന ഒരു കളിക്കാരനാകും താനെന്നു ദ്രാവിഡ് തെളിയിച്ചു.
ആ ലോകകപ്പ് തന്റേതാക്കി മാറ്റുവാൻ ദ്രാവിഡ് തീരുമാനിച്ചിരുന്നു. അതിന്റെ അടുത്ത പടിയായിരുന്നു ടോണ്ടനിൽ ശ്രീലങ്കയ്‌ക്കെതിരെ ഗാംഗുലിയ്ക്കൊപ്പം പടുത്തുയർത്തിയ 318 റണ്ണുകളുടെ റെക്കോർഡ് കൂട്ടുകെട്ട്. കൂട്ടുകാർ അടിച്ചു തകർക്കുമ്പോൾ ഒരറ്റം കാത്തുസൂക്ഷിക്കാനും റൺ റേറ്റ് താഴാതെ സൂക്ഷിക്കാനും തന്നോളം കഴിവുള്ള മറ്റൊരു കളിക്കാരനില്ലെന്നു ദ്രാവിഡ് തെളിയിക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായ രണ്ടു സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ മാത്രം ബാറ്റ്‌സ്മാനാവുകയായിരുന്നു അയാൾ. ഇംഗ്ലണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ അർദ്ധസെഞ്ചുറിയുമായി ടീമിനെ മുന്നിൽ നിന്നു നയിച്ചതും ഈ കർണാടകക്കാരനായിരുന്നു.
സൂപ്പർ സിക്സിലെത്തിയെങ്കിലും പാകിസ്താനെതിരെ നേടിയ ഒരേ ഒരു വിജയം മാത്രമായി ഇന്ത്യ സെമി കാണാതെ പുറത്തായി. പാകിസ്ഥാനെതിരായ വിജയത്തിലും 61 റണ്ണുകളുമായി നിർണായക പങ്കു വഹിക്കാൻ ദ്രാവിഡിനു കഴിഞ്ഞിരുന്നു. എട്ടു മത്സരങ്ങളിൽ നിന്നും 461 റണ്ണുകളുമായി ടൂർണമെന്റിൽ ടോപ് സ്കോററായതും ദ്രാവിഡ് തന്നെ. തൊണ്ണൂറോളം പ്രഹരശേഷിയിലായിരുന്നു അയാളുടെ റൺ വേട്ട എന്നതായിരുന്നു അതിൽ ഏറ്റവും പ്രധാനം.
1999 ലോകകപ്പ് ഇന്ത്യയ്ക്ക് അത്ര മധുരമുള്ള ഓര്മകളായിരുന്നില്ല സമ്മാനിച്ചത്. സിംബാബ്‌വെക്കെതിരായ തോൽവിയടക്കം തിരിച്ചടികൾ നേരിട്ട ആ ടൂർണമെന്റിൽ ഇന്ത്യയ്ക്കു ലഭിച്ച വരദാനമായിരുന്നു രാഹുൽ ദ്രാവിഡ് എന്ന ഏകദിന ബാറ്റ്സ്മാൻ.






































