ടി ട്വൻറി ലോകകപ്പ് ; ആ വിജയത്തിനിന്നു പന്ത്രണ്ടു വയസ്സ്
മിസ്ബാ ഉൾ ഹഖിന്റെ ബാറ്റിൽ നിന്നുമുയർന്ന പന്ത് ശ്രീശാന്തിന്റെ കൈകളിൽ വിശ്രമിക്കുമ്പോൾ ഇന്ത്യയിൽ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. ആ ആഘോഷങ്ങൾക്കിന്ന് പന്ത്രണ്ടു വയസ്സു തികയുകയാണ്. ലോകകപ്പ് വിജയം കേട്ടറിവു മാത്രമായിരുന്ന ഒരു ജനതയ്ക്ക് അവരുടെ യുവനിര കൊണ്ടുവന്ന ആ ലോകകിരീടം എങ്ങനെ മറക്കാനാകും.
ഒരു ലോകകപ്പ് ദുരന്തത്തിന്റെ ഓർമകളിൽ നിന്നും മുക്തരായിരുന്നില്ല ഇന്ത്യൻ ആരാധകർ. ബംഗ്ലാദേശിനോടും ശ്രീലങ്കയോടും നേരിട്ട പരാജയങ്ങൾ ഇന്ത്യയെ ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തേക്കു നയിച്ചപ്പോൾ വളരെ വികാരപരമായായിരുന്നു അവർ പ്രതികരിച്ചത്. അതു നൽകിയ ആഘാതം മൂലമാകാം സച്ചിൻ അടക്കമുള്ള പ്രമുഖ താരങ്ങൾ പ്രഥമ ടി ട്വന്റി ലോകകപ്പിൽ നിന്നും വിട്ടുനിന്നത്.
ഇന്ത്യൻ ക്രിക്കറ്റിലെ ഒരു പുതുയുഗത്തിനാണ് അന്നു തുടക്കമായത്. മഹേന്ദ്രസിംഗ് ധോണി എന്ന നീളൻമുടിക്കാരൻ വിക്കെറ്റ് കീപ്പറുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്കു പുറപ്പെട്ടപ്പോൾ അതൊരു നീണ്ട ചരിത്രത്തിന്റെ തുടക്കമാകുമെന്ന് ആരും കരുതിയിരിക്കില്ല.
ഉപേക്ഷിക്കപ്പെട്ട ആദ്യ മത്സരത്തിനുശേഷം രണ്ടാമങ്കത്തിനായി ഇന്ത്യ ഇറങ്ങിയത് ചിരവൈരികളായ പാകിസ്ഥാനു മുന്നിലേക്ക്. ആരും തോൽക്കാൻ തയ്യാറാകാത്ത മത്സരത്തിന്റെ ഫലം നിർണയിച്ചതാകട്ടെ ബൗൾ ഔട്ടും. പാകിസ്ഥാനുമായി ഒരിക്കലും ലോകകപ്പിൽ തോൽവിയറിയാത്ത റെക്കോർഡ് നിലനിര്തിക്കൊണ്ടാണ് ഇന്ത്യൻ യുവനിര സൂപ്പർ എട്ടിലേക്കു പ്രവേശിച്ചത്.
അടുത്ത മത്സരത്തിൽ ന്യൂസിലാണ്ടിനോടേറ്റ പരാജയത്തിന്റെ കലിയടക്കിയായിരുന്നു ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. സ്റ്റുവർട് ബ്രോഡിനെ ഒരോവറിൽ ആറു സിക്സറുകൾ പറത്തിയ യുവരാജ് സിംഗിന്റെ പ്രകടനം. വെറും പന്ത്രണ്ടു പന്തുകളിൽ നേടി യുവി റെക്കോർഡിട്ട മത്സരശേഷം അടുത്ത കളിയിൽ ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്തി ഇന്ത്യൻ പുലിക്കുട്ടികൾ സെമി ഫൈനലിലെത്തി.
സെമി ഫൈനലിൽ താരമായത് മലയാളികളുടെ സ്വന്തം ശ്രീ ആയിരുന്നു. നാലോവറിൽ വെറും പന്ത്രണ്ടു റണ്ണുകൾ മാത്രം വഴങ്ങി ഹെയ്ഡന്റെയും ഗിൽക്രിസ്റ്റിന്റെയും വിക്കറ്റെടുത്ത ശ്രീ കൊടുങ്കാറ്റായപ്പോൾ പതിനഞ്ചു റണ്ണുകളുടെ വിജയവുമായി ഇന്ത്യ കലാശപ്പോരാട്ടത്തിലേക്ക്. ഫൈനലിൽ വീണ്ടും എതിരാളികളായത് പാകിസ്ഥാനും.
നീളൻമുടിക്കാരനായ ആ റാഞ്ചിക്കാരന്റെ സംഘം വിശ്വസിക്കാൻ തുടങ്ങിയിരുന്നു. ഓപ്പണിങ്ങിൽ ഗഭീറും (75) പരിക്കേറ്റ സെവാഗിനു പകരമിറങ്ങിയ യൂസഫ് പത്താനും നല്ല രീതിയിൽ തുടങ്ങിയ ബാറ്റിങ്ങിനു പക്ഷേ ഇടയ്ക്കുവച്ചു താളം നഷ്ടമായി. ഒടുവിൽ അവസാന ഓവറുകളിൽ തകർത്തടിച്ച രോഹിത് ശർമയുടെ മികവിൽ നിശ്ചിത ഇരുപതോവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 157 റണ്ണുകൾ നേടി. ചേസിൽ ഓപ്പണർ ഹഫീസിനെയും കമ്രാൻ അക്മലിനെയും ആർ. പി സിംഗ് പുറത്താക്കിയെങ്കിലും മറ്റൊരു ഓപ്പണർ ഇമ്രാൻ നസീർ തകർത്തടിച്ചതോടെ ആറാം ഓവറിൽ പാക് സ്കോർ അൻപതു കടന്നു. നസീറിനെ ഉത്തപ്പ റൺ ഔട്ട് ആക്കിയതോടെയാണ് ഇന്ത്യ കളിയിലേക്ക് തിരിച്ചുവന്നത്. പതിനാറാം ഓവറിൽ നൂറ്റിനാലു റണ്ണുകൾക്ക് ഏഴാമത്തെ വിക്കറ്റും നഷ്ടമായതോടെ ഇന്ത്യ ജയമുറപ്പിച്ചു.
പക്ഷേ മിസ്ബ തോൽക്കാൻ തയ്യാറായിരുന്നില്ല. അറഫാത്തിനെയും തൻവീറിനെയും കൂട്ടുപിടിച്ച മിസ്ബ പാക് ഇന്നിംഗ്സിനെ ലക്ഷ്യത്തോടടുപ്പിച്ചു. ആർ പി സിംഗ് എറിഞ്ഞ പത്തൊൻപതാം ഓവറിന്റെ അഞ്ചാം പന്തിൽ ഒൻപതാമനായി ഉമർ ഗുൽ പുറത്തായതോടെ ഏഴു പന്തിൽ നിന്നും പതിനേഴു റണ്ണുകളായി പാക് ലക്ഷ്യം. അടുത്ത പന്തിൽ ബൗണ്ടറി നേടിയ മിസ്ബാ ലക്ഷ്യം ഒരോവറിൽ പതിമൂന്നു റണ്ണുകളാക്കി ചുരുക്കി.
അവസാന ഓവർ എറിയാനായി ധോണി ജോഗീന്ദറിനു നേരെ തിരിയുമ്പോൾ പല നിരൂപകരുടെയും മുഖം ചുളുങ്ങി. രണ്ടാം പന്തിൽ മിസ്ബ ജോഗീന്ദറിനെ മൈതാനത്തിനു പുറത്തേക്കു പായിച്ചതോടെ അവർ വിമർശനവാക്കുകൾക്കായി നിഘണ്ടുവിലേക്കു മുഖം പൂഴ്ത്തി. പക്ഷേ അയാളുടെ നിരീക്ഷണം ശരിയാണെന്നു തെളിയിക്കുന്നതായിരുന്നു അടുത്ത നിമിഷങ്ങൾ. മിസ്ബയുടെ ബാറ്റിൽ നിന്നുയർന്ന പന്ത് ശ്രീശാന്തിന്റെ കൈകളിലൊതുങ്ങിയ നിമിഷം ഇന്ത്യൻ ആരാധകർ ഗാലറിയിൽ പൊട്ടിത്തെറിച്ചു.
ആ വിജയത്തിന്റെ ഓർമ്മകൾക്ക് പഴക്കം സംഭവിച്ചിരിക്കാം, പക്ഷേ അതു നൽകിയ തുടക്കം ഇപ്പോഴും തുടരുന്നു. നാലു വർഷങ്ങൾക്കപ്പുറം ഏകദിന ലോകകപ്പും പിന്നീടൊരു ചാംപ്യൻസ് ട്രോഫിയും നൽകി ധോണി തീർത്ത വസന്തം ഇനി കോഹ്ലിയിലൂടെ വീണ്ടും തുടരട്ടെ.






































