പൊരുതിജയിച്ച് ആർസെനൽ
പ്രീമിയർ ലീഗിലെ ഈ സീസണിലെ ഏറ്റവും മികച്ച തിരിച്ചു വരവുകളൊന്നിൽ ആസ്റ്റൺവില്ലക്കെതിരായ മത്സരത്തിൽ 10പേരായി ചുരുങ്ങിയ ആർസെനൽ പിന്നിൽ നിന്നും തിരിച്ചടിച്ചു ജയിച്ചു. എമിറേറ്റീസിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പീരങ്കിപ്പടയുടെ വിജയം. വിജയികൾക്ക് വേണ്ടി പെപെ, ചേംബേഴ്‌സ്, അബാമേയങ്ങ് എന്നിവർ ഗോളുകൾ നേടിയപ്പോൾ മക്ഗിൻ, വെസ്‌ലി എന്നിവരാണ് വില്ലക്കു വേണ്ടി വല കുലുക്കിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ഇരുടീമുകളും ആക്രമിച്ചു കളിച്ചപ്പോൾ ആർക്കു വേണമെങ്കിലും മുൻതൂക്കം നേടാമെന്ന അവസ്ഥയിലായിരുന്നു ആദ്യ 20മിനുട്ടുകൾ. ഇരു ടീമുകൾക്കും നല്ല ചില അവസരങ്ങൾ ലഭിച്ചു. എന്നാൽ 20ആം മിനുട്ടിൽ ആർസെനലിനെ ഞെട്ടിച്ചു വില്ല മുന്നിലെത്തി. എൽ ഗാസി നൽകിയ ത്രൂ ബോൾ ആർസെനാൽ പ്രതിരോധത്തെ നിസ്സഹായരാക്കി മക്ഗിന്നു ലഭിച്ചപ്പോൾ അനായാസം ഗോളാക്കി വില്ല ലീഡ് നേടി. 40ആം മിനുട്ടിൽ പ്രതിരോധ താരം മേയ്റ്റ്ലാൻഡ് നെയ്ൽസ് രണ്ടാം മഞ്ഞ കണ്ടു പുറത്ത് പോയതോടു കൂടി 10പേരായി ചുരുങ്ങിയ ആർസെനാൽ തികച്ചും സമ്മർദ്ദത്തിലായി.
എന്നാൽ രണ്ടാം പകുതിയിൽ ആർസെനൽ മത്സരത്തിലേക്ക് തിരിച്ചു വന്നു. ആര്സെനലിന്റെ ഇന്നത്തെ ഏറ്റവും മികച്ച പ്ലെയറായ ഗെണ്ടുസീക്കൊപ്പം ചേംബേഴ്‌സ് ടൊറേറ എന്നിവർ എത്തിയതോടെ ആർസെനൽ ഉണർന്നു. 59ആം മിനുട്ടിൽ ബോക്സിനുള്ളിൽ ഗണ്ടുസിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷത്തിലെത്തിച്ച പെപെ ലീഗിലെ തന്റെ ആദ്യ ഗോളിലൂടെ ആർസെനലിനെ ഒപ്പമെത്തിച്ചു. എന്നാൽ കേവലം 1മിനുട്ടിനുള്ളിൽ വില്ല ലീഡ് തിരിച്ചുപിടിച്ചു. ആർസെനാൽ പ്രതിരോധത്തെ കീറിമുറിച്ചു ഗ്രീലിഷ് നൽകിയ പാസ്സ് വലയിലാക്കി വെസ്ലി വില്ലയെ മുന്നിലെത്തിച്ചു. 30മിനിറ്റ് മാത്രം ശേഷിക്കെ കളിയിൽ വില്ലക്കു കൃത്യമായ മുൻതൂക്കം.
എന്നാൽ തോറ്റുകൊടുക്കാൻ ആർസെനൽ ഒരുക്കമല്ലായിരുന്നു. നിരന്തരം ആസ്റ്റൺവില്ല ബോക്സിലേക്ക് കയറിയ ഗണ്ണേഴ്‌സ് ഒടുവിൽ 81ആം മിനുട്ടിൽ സമനില നേടി. ഗെൻഡൂസി നൽകിയ ക്രോസ്സ് ഒരു റീബൗണ്ടിലൂടെ ചേംബേഴ്‌സ് ഗോളാക്കിയതോടെ ആർസെനാൽ മത്സരത്തിൽ തിരിച്ചു വന്നു. 3മിനിറ്റിനു ശേഷം ബോക്സിനു പുറത്ത് ഫൗൾ ചെയ്തതിനു കിട്ടിയ ഫ്രീകിക്ക് മനോഹരമായി വലയിലെത്തിച്ചു നിർണായക ഗോളിലൂടെ അബാമേയാങ്ങ് ആര്സെനലിന്റെ അവിശ്വസിനീയ വിജയം ഉറപ്പിച്ചു. ഗോൾ നേടിയില്ലെങ്കിലും 2ഗോളുകൾക്ക് വഴിവെക്കുകയും മത്സരത്തിലുടനീളം പോരാട്ടവീര്യം പുറത്തെടുക്കുകയും ചെയ്ത ഫ്രഞ്ച് യുവ താരം ഗെൻഡൂസി തന്നെയായിരുന്നു മാച്ചിലെ ഹീറോ. !