ധോണിയുടെ യഥാർത്ഥ പിൻഗാമി സഞ്ജു സാംസണോ?.
“സഞ്ജു വിശ്വനാഥ് സാംസൺ”
ഈ പേരിന് ഇന്ത്യൻ ക്രിക്കറ്റിൽ പ്രസക്തിയേറുകയാണ്. ഒരിക്കലയാൾ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിവാഗ്ദാനമായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. പക്ഷേ പിന്നീടെപ്പോഴോ കഥ മാറി, ഋഷഭ് പന്തിന്റെ ആക്രമണോൽസുക ബാറ്റിങ്ങിനു പിറകേ പോയ ആരാധകർ അയാൾക്കുവേണ്ടി മുറവിളി കൂട്ടാൻ തുടങ്ങി. അയാളുടെ ഐ.പി.എൽ പ്രകടനങ്ങൾ ധോണിയുടെ ഷൂസുകളിൽ പന്തിനെ പ്രതിഷ്ഠിക്കാൻമാത്രം പര്യാപ്തമാണെന്ന് സെലെക്ടർമാർക്കും തോന്നിയതോടെ ഋഷഭ് പന്ത് ഇന്ത്യൻ ദേശീയ ടീമിലേക്കും കടന്നുവന്നു.
പക്ഷേ ഐ.പി.എല്ലിനേക്കാൾ വലുതാണ് ഇന്ത്യൻ ടീമിലെ ഉത്തരവാദിത്തങ്ങളെന്ന് പന്തും ആരാധകരും ഒരുപോലെ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. പന്തിന്റെ തുടർച്ചയായ ബാറ്റിങ് പരാജയങ്ങൾ പരിശീലകരുടെപോലും വിമർശനങ്ങൾ ക്ഷണിച്ചുവരുത്തുന്നു. മോശം സ്കോറുകളെക്കാൾ അയാൾ പുറത്താകുന്ന രീതികളാണ് അവരെ കൂടുതൽ നിരാശരാക്കുന്നത്. ഇവിടെയാണ് സഞ്ജുവിന്റെ പ്രസക്തി.
ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ. ഈ മൂന്നു പേരുകളാണ് പ്രധാനമായും ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്. ഇവരിൽ ഏറ്റവും അനുയോജ്യമായ പേരും സഞ്ജുവിന്റേതു തന്നെ. വെറുമൊരു സ്ലോഗർ എന്നതിലുപരി കിടയറ്റ ഒരു ബാറ്റിങ് ടെക്‌നിക്വിന്റെ ഉടമയാണ് സഞ്ജു. പതിമൂന്നാം വയസ്സിൽ കേരളത്തിനുവേണ്ടി കളി തുടങ്ങിയകാലം മുതൽ അയാൾ ഏറ്റവുമധികം ശ്രദ്ധ ചെലുത്തുന്നതും അതിലാണ്. ഫാസ്റ്റ് ബൗളെർമാർക്കെതിരെയുള്ള ബാക്ക് ഫുട് ഷോട്ടുകൾ, സ്പിന്നർമാരെ നേരിടുമ്പോൾ സഞ്ജു കാട്ടുന്ന ആത്മവിശ്വാസം ആ ബാറ്റിൽ നിന്നുമുയരുന്ന ലോഫ്റ്റഡ് ഡ്രൈവുകളിൽ പ്രകടമാണ്. ഇത്തരമൊരു വിക്കെറ്റ് കീപ്പർ തന്നെയാകും ഇന്ത്യൻ ടീമിന് ഏറ്റവും അനുയോജ്യം. പ്രത്യേകിച്ചും സാങ്കേതികതികവുള്ള ഒരു നാലാം നമ്പർ ബാറ്സ്മാനുവേണ്ടിയുള്ള ഇന്ത്യൻ ടീമിന്റെ തിരച്ചിൽ അനന്തമായി നീളുന്ന സാഹചര്യത്തിൽ.
2013ലാണ് സഞ്ജു ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വർണശബളമായ ലോകത്തേക്കു കടന്നുവരുന്നത്. ആദ്യ സീസണിൽതന്നെ അർദ്ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സഞ്ജു സ്വന്തം പേരിലാക്കി. അതേ വർഷം രഞ്ജിയിൽ ആസ്സാമിനെതിരെ നേടിയ ഇരട്ടസെഞ്ചുറി അയാളുടെ സാങ്കേതികമികവു തെളിയിക്കുന്നതായിരുന്നു. തുടർച്ചയായി കാഴ്ചവെച്ച മിന്നുന്ന പ്രകടനങ്ങൾ തന്നെയാണ് ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഉപനായകസ്ഥാനവും ഏറ്റവും പ്രായം കുറഞ്ഞ രഞ്ജി ക്യാപ്റ്റനെന്ന റെക്കോർഡും സഞ്ജുവിലേക്കെത്തിച്ചത്.
സഞ്ജുവിന്റെ ക്ലാസ്സിനെപ്പറ്റി സംശയം പ്രകടിപ്പിക്കുന്നവർക്കായി ഒരുപിടി പ്രകടനങ്ങൾ അയാൾ റെക്കോർഡു പുസ്തകങ്ങളിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അവയിൽ ഏറ്റവും അവസാനത്തേതായിരുന്നു ഗ്രീൻഫീൽഡിൽ 48 പന്തുകളിൽ നേടിയ 91 റൺസ്. ഇക്കഴിഞ്ഞ ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ സ്വതസിദ്ധമായ ശൈലിയിൽ അയാൾ സെഞ്ചുറി നേടിയപ്പോൾ മറുവശത്തു ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നെടുംതൂണായ അജിൻക്യ രഹാനെ റൺ കണ്ടെത്താൻ വിഷമിക്കുന്ന കാഴ്ച നാം കണ്ടിരുന്നു. ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റായ ഭുവനേശ്വർ കുമാറിനെ വെറുമൊരു ക്ലബ്ബ് ബൗളറെ നേരിടുന്ന ലാഘവത്തോടെയാണ് അയാൾ നേരിട്ടത്. ഇത്രയധികം പ്രതിഭാധനനായ ഒരു കളിക്കാരൻ ഇന്ത്യൻ ടീമിലെ സ്ഥാനത്തിനായി മികച്ച പ്രകടനങ്ങളിലൂടെ അവകാശവാദമുന്നയിക്കുമ്പോൾ മുഖം തിരിക്കാൻ എത്രകാലം ഇന്ത്യൻ സെലക്ടേഴ്സിന് സാധിക്കും?.
സ്ഥിരതയില്ലായ്മയായിരുന്നു സഞ്ജുവിന്റെ കരിയറിന്റെ തുടക്കം മുതൽ അയാൾക്കു നേരെ ഉയർന്നിരുന്ന വിമർശനം. 2018-19 രഞ്ജി സീസൺ സഞ്ജുവിനു അത്ര മികച്ചതുമായിരുന്നില്ല. പക്ഷേ പന്തിന്റെ തുടർപരാജയങ്ങൾ വീണ്ടുമൊരു വിക്കെറ്റ് കീപ്പർ ബാറ്സ്മാനെ പരീക്ഷിക്കാൻ സെലെക്ടർമാരെ പ്രേരിപ്പിക്കുമ്പോൾ തീർച്ചയായും സഞ്ജു പരിഗണിക്കപ്പെടണം. ഒരേയൊരു അന്താരാഷ്ട്ര മത്സരം മാത്രമാണ് സഞ്ജു ഇതുവരെ കളിച്ചത്. തീർച്ചയായും അയാളിലെ പ്രതിഭ അതിലേറെ അർഹിക്കുന്നുണ്ട്.






































