യൂറോപ്പ ലീഗ് : ആർസെനൽ ഇന്ന് ഫ്രാങ്ക്ഫർട്ടിനെ നേരിടും
യൂറോപ്പ ലീഗ് ഗ്രൂപ്പ് F ലെ ആദ്യ മത്സരത്തിന് കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ ആർസെനാൽ ഇന്നിറങ്ങുന്നു. പോയ വർഷത്തെ സെമിഫൈനലിസ്റ്റായ എയ്ൻത്രാച് ഫ്രാങ്ക്ഫർട്ടാണ് ഗണ്ണേഴ്സിന്റെ എതിരാളികൾ. ഫ്രാങ്ക്ഫർട്ടിന്റെ തട്ടകമായ കോമേഴ്സ്ബാങ്ക് അരീനയിൽ രാത്രി 10.25നാണു മത്സരം.
വാറ്റ്ഫോഡിനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും ഓസിൽ, സോക്രട്ടീസ് എന്നിവർക്ക് വിശ്രമം നൽകിയാണ് എമേറി 19അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചത്. നീണ്ട ഇടവേളയ്ക്കു ശേഷം പരിക്കിൽ നിന്നും മോചിതനായ റോബ് ഹോൾഡിങ് ടീമിൽ തിരിച്ചെത്തി എന്നത് ഗണ്ണേഴ്സ് ആരാധകർക്ക് സന്തോഷകരമായ വാർത്തയാണ്. ഹോൾഡിങ് അല്ലെങ്കിൽ ചേംബേഴ്സ് ആയിരിക്കും സോക്രട്ടീസിന്റെ അഭാവത്തിൽ ലൂയിസിനൊപ്പം പ്രതിരോധനിരയുടെ ചുമതല. ഈ ട്രാൻസ്ഫർ സീസണിൽ പല പ്രമുഖ താരങ്ങളെയും കൈവിട്ട ജർമൻ ടീമിനെതിരെ വിജയത്തോടെ ടൂർണ്ണമെന്റിൽ അരങ്ങേറാനായിരിക്കും ഇംഗ്ലീഷ് പടയുടെ ശ്രമം. അതിനാൽ ശക്തമായ സ്റ്റാർട്ടിങ് ഇലവൻ തന്നെയാകും എമേറി അണിനിരത്തുക.






































