European Football Foot Ball Top News

ബെർണാഡോ സിൽവയെ റാഞ്ചാൻ യുവന്റസ് !!

March 20, 2026

ബെർണാഡോ സിൽവയെ റാഞ്ചാൻ യുവന്റസ് !!

മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ മാന്ത്രികൻ ബെർണാഡോ സിൽവയെ ഇറ്റലിയിലെത്തിക്കാൻ കരുക്കൾ നീക്കി ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ്. ഈ സീസൺ അവസാനത്തോടെ ഇത്തിഹാദ് സ്റ്റേഡിയത്തിലെ കരാർ അവസാനിക്കുന്ന സിൽവയെ ഒരു ‘ഫ്രീ ട്രാൻസ്ഫറിലൂടെ’ ടീമിലെത്തിക്കാനാണ് ‘ഓൾഡ് ലേഡി’ എന്നറിയപ്പെടുന്ന യുവന്റസ് ലക്ഷ്യമിടുന്നത്.

താരത്തിന്റെ ഏജന്റായ ജോർജ് മെൻഡിസുമായി യുവന്റസ് മാനേജ്‌മെന്റ് പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. സാധാരണയായി 30 വയസ്സ് പിന്നിട്ട താരങ്ങൾക്ക് ദീർഘകാല കരാർ നൽകുന്ന പതിവ് യുവന്റസിനില്ല. എന്നാൽ സിൽവയുടെ കാര്യത്തിൽ ഈ കർക്കശമായ നിയമം മാറ്റിവെക്കാൻ ക്ലബ്ബ് തയ്യാറാണ്. മൂന്ന് വർഷത്തെ കരാറിനൊപ്പം, പ്രകടനം വിലയിരുത്തി ഒരു വർഷം കൂടി നീട്ടാനുള്ള അവസരവുമാണ് യുവന്റസ് മുന്നോട്ട് വെക്കുന്നത്. സിൽവയുടെ ക്വാളിറ്റിയും അനുഭവസമ്പത്തും ടീമിന് വലിയ മുതൽക്കൂട്ടാകുമെന്ന് യുവന്റസ് കോച്ച് കരുതുന്നു.

ശമ്പളത്തിന്റെ കാര്യത്തിലും വമ്പൻ ഓഫറാണ് യുവന്റസ് നൽകുന്നത്. പ്രതിവർഷം 70 ലക്ഷം മുതൽ 80 ലക്ഷം യൂറോ വരെ (ഏകദേശം 65-75 കോടി രൂപ) നൽകാൻ ക്ലബ്ബ് സന്നദ്ധരാണ്. നിലവിൽ സിറ്റി ക്യാപ്റ്റൻ കൂടിയായ സിൽവയ്ക്കായി ബാഴ്സലോണ, മെസ്സിയുടെ ഇന്റർ മിയാമി, തുർക്കിഷ് ക്ലബ്ബായ ഗലാറ്റസറെ എന്നിവരും രംഗത്തുണ്ട്.

എന്നാൽ, ട്രാൻസ്ഫർ വാർത്തകളോട് ബെർണാഡോ സിൽവ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും നിർണ്ണായക മത്സരങ്ങൾ വരാനിരിക്കുന്നതിനാൽ, മെയ് മാസത്തിന് ശേഷം മാത്രമേ തന്റെ ഭാവി കാര്യത്തിൽ താരം അന്തിമ തീരുമാനമെടുക്കൂ. സിറ്റിയുടെ മധ്യനിരയിലെ എൻജിനായി പ്രവർത്തിക്കുന്ന സിൽവ ക്ലബ്ബ് വിടുന്നത് പെപ് ഗ്വാർഡിയോളയ്ക്കും സംഘത്തിനും വലിയ തിരിച്ചടിയാകുമെന്നുറപ്പാണ്.


Leave a comment