ഇന്ത്യയെ സുരക്ഷിതമായ സ്കോറിലേക്ക് നയിച്ച് ദുബെയും ഹാർദിക്കും, നെതർലൻഡ്സിന് 194 റൺസ് വിജയലക്ഷ്യം
അഹമ്മദാബാദ്- അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ടി20 ലോകകപ്പ് മത്സരത്തിൽ നെതർലൻഡ്സിനെതിരെ ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടി. ടോസ് നേടിയ ശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ശിവം ദുബേ, ഹർദിക് പാണ്ട്യ എന്നിവരുടെ മികച്ച പ്രകടനം ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചു. കൂടാതെ സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരും മികച്ച പിന്തുണ നൽകി.
ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കം തന്നെ വിക്കറ്റ് നഷ്ടമായി. ഇത്തവണയും അഭിഷേക് നിരാശപ്പെടുത്തി. റൺസ് ഒന്നും നേടാതെ താരം പുറത്തായി. പിന്നീട് 18 റൺസ് നേടിയ ഇഷാൻ കിഷനെയും ഇന്ത്യക്ക് നഷ്ട്ടമായി. ഇതോടെ 39/2 എന്ന നിലയിലായി. പിന്നീട് തിലക് വർമ്മയും സൂര്യകുമാർ യാദവും ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും സ്കോർ 69 ൽ എത്തിയപ്പോൾ തിലക് വർമ്മയെ (31) നഷ്ട്ടമായി.
പിന്നീട് ദുബെ എത്തുകയും മികച്ച നിലയിൽ ഇന്നിങ്സ് തുടങ്ങുകയും ചെയ്തു. സൂര്യകുമാറും(34) ദുബേയും ചേർന്ന് നാലാം വിക്കറ്റിൽ 41 റൺസ് നേടി. സ്കോർ 110 ൽ എത്തിയപ്പോൾ ഇന്ത്യക്ക് സൂര്യകുമാർ യാദവിനെ നഷ്ടമായി. പിന്നീട് ദുബെഹർദിക് പാണ്ഡ്യാക്കൊപ്പം ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 76 റൺസ് നേടി. ദുബേ 31 പന്തിൽ നിന്ന് 66 റൺസ് നേടിയപ്പോൾ പാണ്ട്യ 21 പന്തിൽ നിന്ന് 30 റൺസ് നേടി. അവസാന ഓവറിൽ ഇരുവരും പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. നെതർലൻഡ്സിനായി ലോഗൻ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ആര്യൻ രണ്ട് വിക്കറ്റ് സ്വന്തമാക്കി.






































