വെടികെട്ടിന് തിരികൊളുത്തി ഇഷാൻ കിഷനും ഒപ്പം സൂര്യകുമാറും: രണ്ടാം ടി20യിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിൻറെ ആധിപത്യ ജയം
ഇന്ത്യ ന്യൂസിലൻഡ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 208 റൺസ് 15 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തി.ഇഷാൻ കിഷൻ(76) സൂര്യകുമാർ യാദവ് (82) എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.28 പന്തുകൾ ശേഷിക്കെ ആണ് ഇന്ത്യ വിജയം നേടിയത്. ടി20 ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ 200+ റൺസ് ചേസാണിത്.
209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യക്ക് സഞ്ജു അഭിഷേക് ശർമ്മ എന്നിവരെ ആദ്യം തന്നെ നഷ്ടമായി. എന്നാൽ പിന്നീടെത്തിയ ഇഷാൻ കിഷൻ തൻറെ മികവ് പുറത്തെടുത്തു. 32 പന്തിൽ നിന്ന് 76 റൺസ് ആണ് ഇഷാൻ കിഷൻ അടിച്ചുകൂട്ടിയത്. 11 ഫോറും 4 സിക്സുമാണ് നേടിയത്. സൂര്യകുമാറിനൊപ്പം ഇഷാൻ 122 റൺസ് ആണ് നേടിയത്. പിന്നീട് സൂര്യകുമാറും ദുബേയും (36) ചേർന്ന് ഇന്ത്യയെ അനായാസം വിജയത്തിലേക്ക് നയിച്ചു. സൂര്യകുമാർ 37 പന്തിൽ നിന്ന് 9 ഫോറം 4 സിക്‌സും പറത്തി 82 റൺസ് നേടി. ഇന്ത്യയുടെ ശക്തമായ ബാറ്റിംഗ് പ്രകടനം ആണ് ഇന്ന് കാണാൻ കഴിഞ്ഞത്.
6 ന് 2 എന്ന നിലയിൽ തകർന്ന് ഇന്ത്യ പിന്നീട് ടോപ് ഗിയറിലേക്ക് മാറുകയായിരുന്നു. ഇഷാനൊപ്പം സൂര്യകുമാറും ഫോമിലേക്ക് വന്നതോടെ ന്യൂസിലൻഡ് ബൗളർമാർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതേസമയം സഞ്ജു ഫോമിലേക്ക് എത്താത്തത് ഒരു തിരിച്ചടിയാണ്. ആദ്യ മത്സരത്തിൽ പത്ത് റൺസ് നേടിയ സഞ്ജു രണ്ടാം മത്സരത്തിൽ നേടിയത് ആറ് റൺസ് ആണ്. അനാവശ്യ ഷോട്ടിന് മുതിർന്നാണ് സഞ്ജു ഇന്ന് പുറത്തായത്. ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ സഞ്ജുവിന് ടി20 ലോകകപ്പ് ടീമിൽ വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കാം.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി. രച്ചിൻ രവീന്ദ്ര(44) ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ(47*) എന്നിവരുടെ പ്രകടനമാണ് ന്യൂസിലൻഡിനെ 200 കടത്തിയത്. അവസാന ഓവറിൽ ന്യൂസിലൻഡ് 17 റൺസ് നേടി സ്‌കോർ 200 കടത്തി.ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ന്യൂസിലൻഡ് നടത്തിയത്. ഒന്നാം വിക്കറ്റിൽ ഡെവിനും(19) ടിമ്മും(24) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 43 റൺസ് നേടി. എന്നാൽ പിന്നീട് ഇന്ത്യ തിരിച്ചടിക്കുകയും രണ്ട് വിക്കറ്റുകൾ തുടരെ വീഴ്ത്തി മത്സരത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. പിന്നീട് രച്ചിൻ രവീന്ദ്ര ന്യൂസിലൻഡിനെ മുന്നോട്ട് നയിക്കുകയും ചെയ്തു.
പിന്നീട് ഗ്ലെൻ ഫിലിപ്സ്(19), മാർക്ക് ചാപ്മാൻ(10), ഡാരിൽ മിച്ചൽ(18), എന്നിവർ വലിയ സ്‌കോറുകൾ നേടാതെ പുറത്തായെങ്കിലും മിച്ചൽ സാന്റ്നർ, ഫൗൾക്സ് (15*) എന്നിവ ചേർന്ന് ഏഴാം വിക്കറ്റിൽ മികച്ച പ്രകടനം നടത്തി. ഇരുവരും ചേർന്ന് 47 റൺസ് ആണ് നേടിയത്. ഇത് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചു.ഇന്ത്യയുടെ ബൗളിംഗിൽ അർഷ്ദീപ് സിംഗിന് ഇന്ന് തിളങ്ങാൻ ആയില്ല. അവസാന ഓവറിലും അദ്ദേഹത്തിന് കനത്ത പ്രകരം നേരിടേണ്ടി വന്നു. ഇന്ത്യക്കായി കുൽദീപ് യാദവ് രണ്ട് വിക്കറ്റ് നേടിയപ്പോൾ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.






































