ആഴ്‌സണലിന് വൻ തിരിച്ചടി; പരിക്ക് മൂലം ഗബ്രിയേലിന് സീസൺ നഷ്ട്ടമാകും
ആഴ്സണൽ പ്രതിരോധ താരം ഗബ്രിയേൽ മഗല്ലസിന് ഹാംസ്ട്രിംഗ് (തുടയിലെ പേശി) പരിക്കിനെ തുടർന്ന് ശസ്ത്രക്രിയ ആവശ്യമാണെന്നും, അതിനാൽ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്നും പ്രീമിയർ ലീഗ് ക്ലബ്ബ് വ്യാഴാഴ്ച സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച ഫുൾഹാമിനെതിരെ ആഴ്സണൽ 2-1ന് വിജയിച്ച മത്സരത്തിന്റെ 16-ാം മിനിറ്റിൽ 27-കാരനായ ഗബ്രിയേലിന് പകരം യാക്കൂബ് കിവിയോർ കളത്തിലിറങ്ങിയിരുന്നു. ബ്രസീൽ താരത്തിന്റെ പരിക്കിൽ തനിക്ക് “ആശങ്കയുണ്ടെന്ന്” മത്സരശേഷം ഹെഡ് കോച്ച് മൈക്കിൾ അർട്ടേറ്റ സമ്മതിച്ചിരുന്നു.
“ഗാബി വരും ദിവസങ്ങളിൽ ഹാംസ്ട്രിംഗ് പരിക്ക് ഭേദമാക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയനാകും, തുടർന്ന് ഉടൻ തന്നെ സുഖം പ്രാപിക്കാനുള്ള ചികിത്സയും പുനരധിവാസവും ആരംഭിക്കും. അടുത്ത സീസണിന്റെ തുടക്കത്തോടെ കളത്തിൽ തിരിച്ചെത്താൻ തയ്യാറെടുക്കുക എന്നതാണ് ലക്ഷ്യം,” ആഴ്സണൽ പ്രസ്താവനയിൽ പറഞ്ഞു.
“എത്രയും വേഗം പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാൻ ഗാബിയെ സഹായിക്കുന്നതിൽ ക്ലബ്ബിലെ എല്ലാവരും പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കും.”
ആഴ്സണലിന്റെ പ്രധാന താരങ്ങളെ അലട്ടുന്ന നിരവധി പരിക്കുകളിൽ ഏറ്റവും പുതിയതാണ് ഈ സെന്റർ ബാക്കിന്റെ പരിക്ക്. ഈ താരങ്ങളുടെ അഭാവം, പ്രീമിയർ ലീഗ് കിരീടത്തിനായി ലിവർപൂളിനെ വെല്ലുവിളിക്കാനുള്ള നോർത്ത് ലണ്ടൻ ക്ലബ്ബിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതിൽ ഒരു പങ്കുവഹിച്ചിട്ടുണ്ട്.
മുന്നേറ്റനിര താരങ്ങളായ കായ് ഹാവെർട്സിനും ഗബ്രിയേൽ ജെസ്യൂസിനും ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. കൂടാതെ സാക്ക, മാർട്ടിൻ ഒഡെഗാർഡ്, ബെൻ വൈറ്റ്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരും പരിക്കുമൂലം ദീർഘകാലം പുറത്തിരുന്നിട്ടുണ്ട്.
ആഴ്സണൽ ശനിയാഴ്ച ഗുഡിസൺ പാർക്കിൽ എവർട്ടനെ നേരിടും, തുടർന്ന് ഏപ്രിൽ 8 ന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിന് ആതിഥേയത്വം വഹിക്കും.