ഇമാദ് വസീം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
പാക്കിസ്ഥാൻ ഓൾറൗണ്ടർ ഇമാദ് വസീം വെള്ളിയാഴ്ച രണ്ടാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.ഇമാദ് നേരത്തെ 2023ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പാകിസ്ഥാൻ സൂപ്പർ ലീഗിലെ തൻ്റെ മികച്ച പ്രകടനം മൂലം പല സീനിയര്‍ താരങ്ങളുടെ നിര്‍ബന്ധം മൂലം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചു വന്നിരുന്നു.ഇസ്ലാമാബാദ് യുണൈറ്റഡിന് വേണ്ടിയുള്ള മൂന്ന് പ്ലേഓഫ് മത്സരങ്ങളിലും പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടതാണ് അദ്ദേഹത്തിനെ പാക്ക് ടീമിലേക്കുള്ള വാതില്‍ വീണ്ടും തുറന്നു കൊടുത്തത്.
2024-ൽ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടന്ന ടി20 ലോകകപ്പിൽ പാക്കിസ്ഥാനുവേണ്ടി കളിച്ചു. എന്നിരുന്നാലും, ഗ്രൂപ്പ് ഘട്ടത്തിൽ യുഎസ്എയോടും ഇന്ത്യയോടും തോറ്റ പാകിസ്ഥാൻ ടൂർണമെൻ്റിൽ നിന്ന് നേരത്തെ തന്നെ പുറത്തായി. ഈ വർഷം ജൂണിൽ ടി20 ലോകകപ്പിൽ അയർലൻഡിനെതിരെയായിരുന്നു അദ്ദേഹത്തിൻ്റെ അവസാന അന്താരാഷ്ട്ര മത്സരം.അതിനു ശേഷം ടീമിൽ സ്ഥാനം തിരിച്ചുപിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.പാക്കിസ്ഥാനുവേണ്ടി 75 ടി20കളും 55 ഏകദിനങ്ങളും കളിച്ച ഇമാദ് 1,540 റൺസും വൈറ്റ് ബോൾ ഫോർമാറ്റിൽ 117 വിക്കറ്റുകളും നേടിയിട്ടുണ്ട്. പാകിസ്ഥാന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് താരം കളിച്ചിട്ടില്ല.