ടി20 ലോകകപ്പ് : ഷെർഫാൻ റഥർഫോർഡിൻറെ കാമിയോയിൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന് ഭേദപ്പെട്ട സ്കോർ
ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ സൂപ്പർ എട്ട് മൽസരത്തിൽ വെസ്റ്റ് ഇൻഡീസും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടി. ടോസ് നേടിയ ഇംഗ്ലണ്ട് വിൻഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മികച്ച പ്രകടനമാണ് വിൻഡീസ് നടത്തിയത്. നിശ്ചിത 20 ഓവറിൽ അവർ നാല് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. മികച്ച തുടക്കമാണ് വിൻഡീസിന് ലഭിച്ചത്. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥനെതിരെ മികച്ച പ്രകടനം നടത്തിയ അവർ ഇത്തവണയും തുടക്കം ഗംഭീരമാക്കി.
ഒന്നാം വിക്കറ്റിൽ ബ്രാൻഡൻ കിംഗും ജോൺസണും ചേർന്ന് മികച്ച പ്രകടനം ആണ് നടത്തിയത്. എന്നാൽ പരിക്കിനെ തുടർന്ന് ബ്രാൻഡൻ കിംഗിന് മടങ്ങേണ്ടി വന്നു. വെസ്റ്റ് ഇൻഡീസിൻ്റെ ഇന്നിംഗ്സിൻ്റെ അഞ്ചാം ഓവറിൽ സാം കുറാനെതിരെ ഒരു ഷോട്ട് കളിക്കുന്നതിനിടെ വലംകൈ ബാറ്റർക്ക് പേശികളിൾ പ്രശ്നങ്ങൾ ഉണ്ടയതോടെയാണ് മടങ്ങേണ്ടി വന്നത്. സംഭവം നടക്കുമ്പോൾ 13 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും സഹിതം 23 റൺസുമായി കിംഗ് ബാറ്റ് ചെയ്യുകയായിരുന്നു. ഫിസിയോയുമായി ഒരു ചെറിയ പരിശോധനയ്ക്ക് ശേഷം ബാറ്റർ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി, പകരം നിക്കോളാസ് പൂരൻ ഇടം നേടി.
പിന്നീട് പൂരനും ജോൺസണും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ജോൺസൺ 38 റൺസ് നേടി പുറത്തായപ്പോൾ പൂരൻ 36 റൺസിന് പുറത്തായി. പിന്നീടെത്തിയ ക്യാപ്റ്റൻ പവലും മികച്ച പ്രകടനം നടത്തി. അദ്ദേഹം 36 റൺസ് നേടി പുറത്തായി.എന്നാൽ, റസൽ പെട്ടെന്ന് പുറത്തായത് അവർക്ക് തിരിച്ചടിയായി. എന്നിരുന്നാലും ഷെർഫാൻ റഥർഫോർഡ് ടീമിനെ മുന്നോട്ട് നയിച്ചു. അദ്ദേഹം പുറത്താകാതെ 28 റൺസ് നേടുകയും ടീമിനെ 180 എന്ന സ്കോറിലേക്ക് എത്തിക്കുകയും ചെയ്തു. ഇംഗ്ലണ്ടിന് വേണ്ടി അർച്ചർ, ആദിൽ റഷീദ്, മൊയിൻ അലി, ലിയാം ലിവിംഗ്സ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.