കാലങ്ങള്‍ക്ക് ശേഷം ഒരു നല്ല ഗെയിം ; പിച്ചില്‍ നിറഞ്ഞാടി ബാഴ്സലോണ
റഫീഞ്ഞ,ജോവോ ഫെലിക്സ്, ഫ്രെങ്കി ഡി ജോങ്, ഫെർമിൻ ലോപ്പസ് എന്നിവരെല്ലാം സ്കോർഷീറ്റിൽ ഇടം നേടിയതോടെ ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം പിച്ചില്‍ എതിരാളികളെ നിഷ്പ്രഭം ആക്കുന്ന ആ പഴയ ബാഴ്സയെ ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞു.കൂടാതെ ക്ലീന്‍ ചീട്ട് നേടി പ്രതിരോധവും പ്രതീക്ഷക്ക് ഒത്ത് ഉയര്‍ന്നു.എതിരില്ലാത്ത നാല് ഗോളിന് ആണ് ബാഴ്സ ജയം നേടിയത്.ഹൈ ഡിഫന്‍സ് ലൈനില്‍ കളിക്കുന്ന ഗെട്ടാഫെയുടെ ശൈലി ഇന്നലെ ബാഴ്സ ഫോര്‍വേഡുകള്‍ നല്ല രീതിയില്‍ മുതല്‍ എടുത്തു.എന്നാല്‍ മോശം ഫിനിഷിങ് അവര്‍ക്ക് വലിയ ബാധ്യതയായി മാറുകയും ചെയ്യുന്നുണ്ട്.

രണ്ടു വിങ്ങുകളില്‍ റഫീഞ്ഞയും, ജോവാ ഫെലിക്സും നിരന്തരം ഗെട്ടാഫെ പ്രതിരോധത്തിന് പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ച് കൊണ്ടിരുന്നു.റോബര്‍ട്ട് ലെവന്‍ഡോസ്ക്കി ഗോള്‍ നേടിയില്ല എങ്കിലും മിഡ്ഫീല്‍ഡില്‍ ഇറങ്ങി അദ്ദേഹം കളി മെനയാന്‍ തീരുമാനിച്ചത് ബാഴ്സ വിങര്മാര്ക്ക് എന്തായാലും ഗുണം ചെയ്തു.പിന്നെ എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം പൗ ക്യൂബാർസിയുടെ ആണ്.17 വയസ്സില്‍ തന്നെ ബാഴ്സക്ക് വേണ്ടി ബോള്‍ കാരിയിങ് സെന്റര്‍ ബാക്ക് ആവാന്‍ താരത്തിനു കഴിഞ്ഞു എന്നത് വലിയ ഒരു നേട്ടം തന്നെ ആണ്.അദ്ദേഹം ഉള്ളത് കൊണ്ട് അറൂഹോക്കും കൂണ്ടെക്കും പിച്ചില്‍ മുന്നോട്ട് കയറി കളിക്കാന്‍ കഴിയുന്നുണ്ട്.ഇത് ബാഴ്സയുടെ മുന്നേറ്റ നിരയെ ഏറെ സഹായിക്കുന്നുമുണ്ട്.