പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ കുതിപ്പ് ടോപ് ഗിയറിലേക്ക് മാറ്റാന്‍ യുണൈറ്റഡ്
ഇന്നലത്തെ പ്രീമിയര്‍ ലീഗ് തീ പാറും പോരാട്ടങ്ങള്‍ കൊണ്ട് മികച്ചത് ആയിരുന്നു.എന്നാല്‍ ഇന്ന് ഉള്ളത് അലസമായ മൂന്നു മല്‍സരങ്ങള്‍ ആണ്.അതില്‍ ഒന്നു ലൂട്ടോണ്‍ ടൌണ്‍ – മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകള്‍ തമ്മില്‍ ആണ് കളിക്കുന്നത്.ഇന്ന് ഇന്ത്യന്‍ സമയം പത്തു മണിക്ക് ലൂട്ടോണ്‍ ഹോം ഗ്രൌണ്ട് കെനിൽവർത്ത് റോഡില്‍ വെച്ചാണ് മല്‍സരങ്ങള്‍ നടക്കുന്നത്.
ഡിസംബര്‍ 30 ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവസാനമായി ഒരു മല്‍സരം പരാജയപ്പെട്ടത്.അതിനു ശേഷം ലീഗിലും മറ്റ് ടൂര്‍ണമെന്റുകളിലും സ്ഥിരമായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ് യുണൈറ്റഡ്.അതിനു പ്രധാന കാരണം പല സുപ്രാധാന താരങ്ങളുടെയും പരിക്കില്‍ നിന്നുള്ള തിരിച്ചുവരവ് ആണ്.വരാനെ,കസമീരോ എന്നിവരുടെ തിരിച്ചുവരവ് ടീമിനെ കൂടുതല്‍ സ്ഥിരമാക്കിയിരിക്കുന്നു.കൂടാതെ ഫോമിലേക്ക് ഉയര്‍ന്ന ഹോജ്ലണ്ട് യുണൈറ്റഡിന്‍റെ ഗോള്‍ ക്ഷാമത്തിന് പരിഹാരം കണ്ടെത്തിയിരിക്കുന്നു.ആകപ്പാടെ മികച്ച അന്തരീക്ഷം ആണ് നിലവില്‍ യുണൈറ്റഡ് ഡ്രെസിങ് റൂമില്‍ ഉള്ളത്.അതിനാല്‍ കഴിഞ്ഞ തവണ ലൂട്ടോണ്‍ ടൌണിന് നേരെ നേടിയ തൃപ്തികരം അല്ലാത്ത ഒരു ഗോള്‍ ലീഡ് ജയം ആയിരിക്കില്ല ചെകുത്താന്‍മാര്‍ ഇന്ന് ലക്ഷ്യം വെക്കാന്‍ പോകുന്നത്.