ജര്‍മന്‍ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ (78) യാത്രയായി
കളിക്കാരനായും പരിശീലകനായും ജർമ്മനിയുടെ ലോകകപ്പ് ജേതാവ് ഫ്രാൻസ് ബെക്കൻബോവർ (78) അന്തരിച്ചു.ബെക്കൻബോവറിന്റെ മരണം പുറത്ത് വിട്ടത് ജർമ്മൻ വാർത്താ ഏജൻസി ഡിപിഎ ആയിരുന്നു.ഇന്നലെ രാത്രി ഉറക്കത്തിനിടെ ആയിരുന്നു മരണം.മ്യൂണിക്കിൽ ജനിച്ച ബെക്കൻബോവർ ജർമ്മൻ ഫുട്ബോളില്‍ കളിക്കാരനായും പരിശീലകനായും വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല.ബയേൺ മ്യൂണിക്കിനും ജര്‍മനിക്കും വേണ്ടി തന്റെ കരിയറിലെ വലിയൊരു ഭാഗവും മാറ്റി വെച്ച താരത്തിനെ ആരാധനയോടെ ഫുട്ബോള്‍ ലോകം വിളിച്ചിരുന്നത് ” ഡെർ കൈസർ ” എന്നായിരുന്നു.ഇതില്‍ നിന്ന് അര്‍ഥമാക്കുന്നത് ചക്രവര്‍ത്തി എന്നാണ്.

1972, 1976 വർഷങ്ങളിലെ ബാലൺ ഡി ഓർ പുരസ്കാരങ്ങൾ നേടിയ അദ്ദേഹം 2000-ൽ ജർമ്മനിയുടെ നൂറ്റാണ്ടിലെ മികച്ച ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടു.കളിയുടെ ഗതി നിശ്ചയിക്കുന്ന പ്രതിരോധ മിഡ്ഫീല്‍ഡര്‍ ആയിരുന്ന താരത്തിന്റെ കാലത്തിനു ശേഷം ആണ് ഫുട്ബോളില്‍ ആ പൊസിഷന്‍ പ്രശസ്തം ആയി തുടങ്ങിയത്.1965 സെപ്റ്റംബറിനും 1977 ഫെബ്രുവരിക്കും ഇടയിൽ ജർമ്മനിക്കായി 103 മത്സരങ്ങൾ കളിച്ച താരം ജർമ്മനിയുടെ “സുവർണ്ണ തലമുറ”യെ 1972 യൂറോപ്യൻ ചാമ്പ്യൻഷിപ്പിലേക്ക് നയിക്കുകയും 1974ല്‍ സ്വന്തം മണ്ണില്‍ വെച്ച് ലോകക്കപ്പ് നേടുകയും ചെയ്തു.ബ്രസീലിനൊപ്പം മാരിയോ സഗാലോയും ഫ്രാൻസിനൊപ്പം ദിദിയർ ദെഷാംപ്സും കഴിഞ്ഞാല്‍ കളിക്കാരന് ആയും മാനേജര്‍ ആയും ലോകക്കപ്പ് നേടിയ ഒരേ ഒരു താരം ആണ് ബെക്കൻബോവർ.