ഒരു പുതിയ സ്ട്രൈക്കറെ ആണോ ആഴ്സണലിന് ആവശ്യം ?
കളിച്ച കഴിഞ്ഞ നാല് കളികളിലും തോൽവി. എതിരാളികളുടെ ബോക്സിനകത്തു 61 ടച് ഉണ്ടായിട്ടും വല ചലിപ്പിച്ചത് അകെ ഒരു തവണ. 20 പ്രീമിയർ ലീഗ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ, അവരുടെ സ്ട്രൈക്കേഴ്സ് നേടിയ ഗോളുകൾ [ജെസുസ് & എന്കെത്തിയ] വെറും 8. കഴിഞ്ഞ സീസണിൽ 88 ഗോളുകൾ വാരി കൂട്ടിയ ഗണ്ണേഴ്സ് സീസൺ പകുതി ആയപ്പോൾ നേടിയതാകട്ടെ വെറും 37 എണ്ണം മാത്രം. ആഴ്സണൽ ആരാധകർ ഒരു പുതിയ സ്ട്രൈക്കറിനായി മുറവിളി ഉയർത്തുന്നതിൽ കുറ്റം പറയാൻ പറ്റില്ല.
എന്നാൽ ഇതിൽ, ആഴ്സണലിന്റെ സ്ട്രൈക്കേഴ്സിനെ എത്ര കണ്ടു കുറ്റം പറയാൻ പറ്റും എന്നുള്ളത് ശ്രമകരമാണ്. ഗബ്രിയേൽ ജെസുസിന്റെ കാര്യം തന്നെ എടുക്കാം. ഗോളുകൾ കുറവാണെങ്കിലും അദ്ദേഹത്തിന്റെ കളിയിലെ മൊത്തത്തിലുള്ള കോണ്ട്രിബൂഷൻ ആഴ്സണൽ ആരാധകർ ആഗ്രഹിക്കുന്ന ഇവാൻ ടോണിയേക്കാൾ എത്രയോ വലുതാണ്.
ഇങ്ങനെ കളിക്കാൻ സാക്ഷാൽ ഹാലൻഡിനോട് പോലും അവകാശപ്പെട്ടാൽ ഗോളുകൾ അടിച്ചു കൂട്ടുന്നത് കുറയും. അപ്പോൾ പ്രശ്നം ആർട്ടിട്ടയുടേതാണ്. അഴ്സണലിന്റെ സ്ട്രൈക്കേഴ്സ് ഗോളുകൾ അടിച്ചു കൂട്ടണമെങ്കിൽ, ആർട്ടറ്റാ അവരെ പക്കാ സ്ട്രൈക്കേഴ്സ് ആയിട്ട് തന്നെ ഉപയോഗിക്കണം. കേളീശൈലിയിലെ ചെറിയ മാറ്റങ്ങൾ വലിയ റിസൾട്ടുകൾ ജെസുസിൽ കൊണ്ട് വരാൻ സാധിക്കും. അല്ലാതെ ഇവാൻ ടോണിയോ, എന്തിന് സാക്ഷാൽ തിയറി ഓൺറി വന്നാൽ പോലും ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല.
ആഴ്സണൽ ശ്രദ്ധിക്കേണ്ട രണ്ടാമത്തെ വലിയ പ്രശ്നം സാക്ക – മാർട്ടിനെല്ലി – ഒഡേഗാഡ് ത്രയം നേരിടുന്ന ഗോൾ ദാരിദ്യമാണ്. ജെസുസ് മധ്യനിരയിലേക്ക് ഇറങ്ങി കളിക്കുന്നത് ഇവർക്ക് കൂടുതൽ സ്പേസ് കണ്ടത്താനും, ഇവർ കൂടുതൽ ഗോളുകൾ സ്കോർ ചെയ്യാനുമാണ്. കഴിഞ്ഞ വർഷം, 15 ഗോളുകളാണ്, പ്രീമിയർ ലീഗിൽ മാത്രം മാർട്ടിനെല്ലിയും ഒഡേഗാഡും അടിച്ചു കൂട്ടിയത്. സാക്കയാകട്ടെ 14 ഗോളുകൾ സ്വന്തം പേരിൽ കൂട്ടി ചേർത്തിരുന്നു. എന്നാൽ 2023-24 സീസണിൽ, ഈ ത്രയത്തിന് ഇത് വരെ കണ്ടെത്താൻ സാധിച്ചത് വെറും വെറും 12 ഗോളുകൾ.
അത് കൊണ്ട് എവിടെയാണ് ആർട്ടറ്റാ ശ്രദ്ധിക്കേണ്ടത് എന്നുള്ളത് വ്യക്തമാണ്. മധ്യനിരയും വിങ്ങർമാരും ജെസുസ് നൽകുന്ന സംഭാവനകൾ കൂടുതൽ ഉപയോഗിക്കണം. അല്ലെങ്കിൽ ജെസുസ് എന്ന സ്ട്രൈക്കറെ സ്ട്രൈക്കറിന്റെ ജോലി ചെയ്യാൻ അനുവദിക്കണം. കാരണം വലകൾ ചലിപ്പിക്കാൻ ആഴ്സണൽ മറന്നു പോയാൽ ഈ സീസണും ആരാധകർക്ക് നിരാശ മാത്രമാകും സമ്മാനിക്കുക.