സമ്മര്‍ദത്തില്‍ പൊടിഞ്ഞു ആഴ്സണല്‍
സമ്മര്‍ദം കടുക്കുമ്പോള്‍ അതുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത് ആണ് മുന്‍ സീസണുകളില്‍ ആഴ്സണലിന് തിരിച്ചടിയായത്.ആ പ്രശ്നങ്ങളില്‍ നിന്നും അവര്‍ ഈ സീസണില്‍ മുക്തി നേടി എന്നാണ് കരുതിയത്.എന്നാല്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുള്ള മല്‍സരത്തില്‍ ഇന്നലെ ആഴ്സണല്‍ വീണ്ടും പരാജയപ്പെട്ടിരിക്കുന്നു.അതും ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമിനോട്.
നിലവില്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ രണ്ടു പോയിന്റ് ലീഡ് നിലനിര്‍ത്തി.തുടക്കം മുതല്‍ക്ക് തന്നെ ആക്രമിച്ച് കളിച്ച വെസ്റ്റ് ഹാം പതിമൂന്നാം മിനുട്ടില്‍ തന്നെ ലീഡ് നേടി.ചെക്ക് പ്രതിരോധ മിഡ്ഫീല്‍ഡര്‍ ആയ ടോമാഷ് സൂകെക്ക് ആണ് സ്കോര്‍ നേടിയത്.ഈ സമയത്ത് ആഴ്സണലിന് സ്കോര്‍ ചെയ്യാന്‍ ഇരട്ടിയിലധികം അവസരങ്ങൾ ലഭിച്ചെങ്കിലും മോശം ഫിനിഷിങ്ങും ഇത് കൂടാതെ വെസ്റ്റ് ഹാമിന്റെ മികച്ച പ്രതിരോധവും ഗണേര്‍സിന് തിരിച്ചടി നല്കി.55 ആം മിനുട്ടില്‍ ജെയിംസ് വാർഡ്-പ്രോസ് കോർണറിൽ നിന്ന് തകർപ്പൻ ഹെഡറിലൂടെ വെസ്റ്റ് ഹാമിന്റെ ലീഡ് കോൺസ്റ്റാന്റിനോസ് മാവ്പനോസ് ഇരട്ടിപ്പിച്ചതോടെ മല്‍സരത്തിലേക്ക് തിരിച്ചുവരാന്‍ ഉള്ള ആഴ്സണലിന്റെ എല്ലാ സാധ്യതകളും വെള്ളത്തില്‍ വരച്ച വരയായി മാറി.






































