വോൾഫ്സ്ബർഗിനെ മറികടന്ന് ബയേണ്‍ മ്യൂണിക്ക്
അല്പം ബുദ്ധിമുട്ടി ആണ് എങ്കിലും ഇന്നലത്തെ ലീഗ് മലസരത്തില്‍ ബയേണ്‍ മ്യൂണിക്ക് വുൾഫ്‌സ്‌ബർഗിനേ പരാജയപ്പെടുത്തി.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് അവര്‍ വിജയം നേടിയത്.ഫോമില്‍ ഉള്ള ഹാരി കെയിന്‍ ഇന്നലെയും മ്യൂണിക്കിന് വേണ്ടി സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയിട്ടുണ്ട്.ജയത്തോടെ ലെവര്‍കുസനുമായുള്ള ലീഡ് നാലാക്കി നിലനിര്‍ത്താന്‍ ബയേണിന് കഴിഞ്ഞു.
ബുണ്ടസ്‌ലിഗയിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബയേൺ താരമായ ജമാൽ മുസിയാല 33-ാം മിനിറ്റിൽ തോമസ് മുള്ളർ നൽകിയ ക്രോസിൽ സന്ദർശകരെ മുന്നിലെത്തിച്ചു.ടോട്ടൻഹാം ഹോട്‌സ്‌പറിൽ നിന്ന് 100 മില്യൺ യൂറോയുടെ ട്രാന്‍സ്ഫര്‍ ഫീസില്‍ വന്ന കെയിന്‍ 43 ആം മിനുട്ടില്‍ 20 മീറ്റര്‍ അകലെ നിന്നു ഒരു മികച്ച ഷോട്ടോടെ ബയേണിന്‍റെ ലീഡ് ഇരട്ടിപ്പിച്ചു.ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇതുവരെ ജര്‍മന്‍ ക്ലബിന് വേണ്ടി 26 ഗോളുകളിൽ പങ്കാളി ആയിട്ടുണ്ട്.ആദ്യ പകുതിയുടെ അവസാനത്തില്‍ മ്യൂണിക്കിനെതിരെ ഒരു ഗോള്‍ തിരിച്ചടിച്ച് കൊണ്ട് മാക്സിമിലിയൻ അർനോൾഡ് വോള്‍ഫ്സ്ബര്‍ഗിന് നേരിയ പ്രതീക്ഷ നല്കി എങ്കിലും ശേഷിക്കുന്ന 45 മിനുട്ടില്‍ അവരുടെ എല്ലാ നീക്കങ്ങളെയും പ്രതിരോധിക്കാന്‍ ബയേണ്‍ ഡിഫന്‍സിന് കഴിഞ്ഞു.