അഞ്ചാം തവണയും പടിക്കൽ കലം ഓടച്ച് ദക്ഷിണാഫ്രിക്ക : ജയത്തോടെ ഓസ്‌ട്രേലിയ ഫൈനലിൽ ഇന്ത്യയെ നേരിടും
വ്യാഴാഴ്ച നടന്ന കുറഞ്ഞ സ്‌കോറിങ് ത്രില്ലറിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ ഐസിസി ലോകകപ്പിൽ ഇന്ത്യയുമായി കിരീടപ്പോരാട്ടം ഉറപ്പിച്ചു. 213 റൺസിന്റെ മിതമായ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 47.2 ഓവറിൽ ഒരു തന്ത്രപരമായ പ്രതലത്തിൽ വിജയം സ്വന്തമാക്കി. പാറ്റ് കമ്മിൻസും ( 14നോട്ടൗട്ട്) മിച്ചൽ സ്റ്റാർക്കും (16 നോട്ടൗട്ട്) സമ്മർദത്തിനിടയിൽ അവരെ വിജയത്തിലെത്തിച്ചു.
48 പന്തിൽ 62 റൺസെടുത്ത ഓപ്പണർ ട്രാവിസ് ഹെഡ് ആണ് ടോപ് സ്‌കോറർ. ജോഷ് ഇംഗ്ലിസ് (28), സ്റ്റീവ് സ്മിത്ത് (30), ഡേവിഡ് വാർണർ (29) എന്നിവരും നിർണായക സംഭാവന നൽകി. സ്പിന്നർമാരായ തബ്രെയ്‌സ് ഷംസി (2/42), കേശവ് മഹാരാജ് (1/24) എന്നിവരുടെ കഠിനശ്രമത്തിലൂടെ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയം കണ്ടെത്താൻ ആയില്ല അഞ്ചാം തവണയും ദക്ഷിണാഫ്രിക്ക സെമിയിൽ പുറത്തായി.
നേരത്തെ ഡേവിഡ് മില്ലറുടെ പോരാട്ട സെഞ്ചുറി മികവിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വ്യാഴാഴ്ച നടന്ന ഐസിസി ലോകകപ്പിന്റെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ 212 റൺസിലെത്തിച്ചു. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 49.4 ഓവറിൽ 212 റൺസിന് പുറത്തായി.
116 പന്തിൽ എട്ട് ഫോറും അഞ്ച് സിക്‌സും സഹിതമാണ് മില്ലർ 101 റൺസെടുത്തത്. മില്ലറും ഹെൻറിച്ച് ക്ലാസനും തമ്മിലുള്ള 95 റൺസിന്റെ കൂട്ടുകെട്ട് പാർട്ട് ടൈം സ്പിന്നർ ട്രാവിസ് ഹെഡ് തകർത്തു. ഇരുവരും ചേർന്ന് 24/4 എന്ന നിലയിൽ നിന്ന് 119 എന്ന നിലയിലേക്ക് പ്രോട്ടീസിനെ ഉയർത്തി. ക്ലാസൻ 47 പന്തിൽ 48 റൺസെടുത്തു. ദക്ഷിണാഫ്രിക്ക 119/6 എന്ന നിലയിലേക്ക് കൂപ്പുകുത്തിയപ്പോൾ ഹെഡും മാർക്കോ ജാൻസനെ ആദ്യ പന്തിൽ തന്നെ മടക്കി അയച്ചു.
മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ആദ്യ ഓവറിൽ തന്നെ മിച്ചൽ സ്റ്റാർക്കിന്റെ ബൗളിങ്ങിൽ ക്യാപ്റ്റൻ ടെംബ ബാവുമ പുറത്തായി. ക്വിന്റൺ ഡി കോക്ക് മൂന്ന് റൺസ് നേടി പുറത്തായി. ഇന്നിംഗ്‌സിന്റെ ഒമ്പതാം ഓവറിൽ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ബൗണ്ടറി നേടാനായത്. എയ്ഡൻ മർക്രമിനെ 10 റൺസിന് പുറത്താക്കി സ്റ്റാർക്ക് ഒരു വലിയ പ്രഹരമേല്പിച്ചു, ഇതിനെയെല്ലാം ചെറുത്ത് മില്ലർ ടീമിനെ 200 കടത്താൻ സഹായിച്ചു.