ഏകദിന ലോകകപ്പ്: കനത്ത സുരക്ഷയ്‌ക്കിടയിൽ പാകിസ്ഥാൻ ടീം ഹൈദരാബാദിലെത്തി
ഒക്‌ടോബർ അഞ്ചിന് ആരംഭിക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം കനത്ത സുരക്ഷയ്‌ക്കിടയിൽ ബുധനാഴ്ച രാത്രി ഹൈദരാബാദിൽ വിമാനമിറങ്ങി.
ഏഴ് വർഷത്തിന് ശേഷം ഇന്ത്യയിലേക്കുള്ള ആദ്യ പര്യടനത്തിനായി ക്യാപ്റ്റൻ ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീം ദുബായ് വഴി നഗരത്തിലേക്ക് പറന്നു. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം കളിക്കാരും സപ്പോർട്ട് സ്റ്റാഫും പ്രത്യേക ബസിൽ കയറി നഗരത്തിലെ ഒരു നക്ഷത്ര ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു.
ബാബർ അസമും മറ്റ് ചില കളിക്കാരും ഏതാനും പിന്തുണക്കാർക്കും മാധ്യമ പ്രവർത്തകർക്കും നേരെ കൈവീശി കാണിച്ചു. ഏതാനും സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളുടെ മൊബൈൽ ഫോണിൽ താരങ്ങൾക്കൊപ്പം ചിത്രങ്ങൾ പകർത്തുകയും ചെയ്തു. സ്റ്റാർ പേസർ ഷഹീൻ ഷാ അഫ്രീദി ഒരു പോലീസ് ഉദ്യോഗസ്ഥനുമായി ചാറ്റ് ചെയ്യുന്നത് കണ്ടു.