സാന്റി കസോർള: റയൽ ഒവീഡോ സ്പാനിഷ് മിഡ്ഫീൽഡറെ ഫ്രീ ട്രാൻസ്ഫറിൽ ഒപ്പുവച്ചു
മുൻ ആഴ്‌സണലിന്റെയും സ്‌പെയിനിന്റെയും മിഡ്‌ഫീൽഡർ സാന്റി കസോർള തന്റെ ജന്മനാട്ടിലെ ക്ലബ്ബായ റയൽ ഒവീഡോയുമായി 2024 ജൂൺ വരെ കരാർ ഒപ്പിട്ടു.38 കാരനായ അദ്ദേഹം തന്റെ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ചത് ഈ ക്ലബില്‍ നിന്നാണ്.അദ്ദേഹം ഇപ്പോള്‍ ഒരു ഫ്രീ ട്രാൻസ്ഫറിൽ ആണ് തിരികെ വന്നിരിക്കുന്നത്.
ഖത്തർ ക്ലബ്ബായ അൽ സദ്ദിന് വേണ്ടിയാണ് കസോർല കഴിഞ്ഞ മൂന്ന് വർഷമായി കളിച്ചത്. മലാഗയും വിയാറിയലും ഉൾപ്പടെ പല ക്ലബുകളിലും കളിച്ച് പരിചയം ഉള്ള കസോര്‍ള 2012-ൽ ആഴ്‌സണലിനായി 10 മില്യൺ പൗണ്ടിന്റെ കരാറിൽ ഒപ്പുവെച്ചു, ഗണ്ണേഴ്‌സിനായി 180 മത്സരങ്ങൾ കളിച്ച താരം അവര്‍ക്ക് വേണ്ടി 29 ഗോളുകള്‍ നേടിയിട്ടുണ്ട്.ആഴ്സണലിനൊപ്പം രണ്ട് എഫ്എ കപ്പുകളും രണ്ട് കമ്മ്യൂണിറ്റി ഷീൽഡുകളും നേടിയ അദ്ദേഹം 2008ലും 2012ലും സ്പെയിനിനൊപ്പം യൂറോപ്യൻ ചാമ്പ്യൻഷിപ്പും ഉയർത്തിയിട്ടുണ്ട്.കസോര്‍ളയെ അല്‍ സദ്ദില്‍ വെച്ച് കളിച്ച സഹ താരമായ സാവി ബാഴ്സലോണയുടെ അസിസ്റ്റന്റ് മാനേജര്‍ റോളിലേക്ക് വിളിച്ചിരുന്നു എങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു.