പെനാൽറ്റിയിൽ സെവിയ്യയെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ കപ്പ് സ്വന്തമാക്കി
ഗ്രീസിലെ പിറേയസിലെ ജോർജിയോസ് കാരയ്‌സ്‌കാക്കിസ് സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ 1-1ന് സമനിലയിൽ പിരിഞ്ഞ മാഞ്ചസ്റ്റർ സിറ്റി സെവിയ്യയെ പെനാൽറ്റിയിൽ 5-4ന് തോൽപ്പിച്ച് ചരിത്രത്തിലാദ്യമായി യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കി.ഷൂട്ടൗട്ടിലെ ആദ്യ ഒമ്പത് സ്പോട്ട് കിക്കുകളും ലക്ഷ്യത്തില്‍ എത്തിയപ്പോള്‍ പത്താം കിക്ക് എടുത്ത നെമഞ്ജ ഗുഡെൽജിനു പിഴച്ചു.
2016-ൽ ആരംഭിച്ച പെപ് ഗാർഡിയോളയുടെ ഭരണത്തില്‍ സിറ്റി നേടിയ 15-ാമത്തെ ട്രോഫിയായിരുന്നു ഇത്.25-ാം മിനിറ്റിൽ യൂസഫ് എൻ-നെസിരി യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയ്ക്ക് ലീഡ് നൽകിയെങ്കിലും 63-ാം മിനിറ്റിൽ 21-കാരനായ കോൾ പാമറിന്റെ ഹെഡറിലൂടെ സിറ്റി സമനില പിടിച്ചു.സിറ്റിയെ പോലൊരു മുന്‍ നിര ടീമിന് മുന്നില്‍ സെവിയ്യ തകര്‍ന്നു അടിയും എന്ന് കരുതി എങ്കിലും മത്സരം വളരെ ചൂട് പിടിച്ചതായിരുന്നു.കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കള്‍ക്ക് അഗ്രസീവ് ഹൈ പ്രസ്സിംഗിലൂടെ സെവിയ്യ തലവേദന സൃഷ്ട്ടിച്ചു.ഗോൾ നേടുന്നതിന് മുമ്പ് എൻ-നെസിരി തന്നെ നിരവധി അവസരങ്ങൾ പാഴാക്കി.ഇത് സ്പാനിഷ് ടീമിന് വലിയ തിരിച്ചടിയായി.