വലൻസിയയിൽ നിന്ന് ഉറുഗ്വേയുടെ എഡിൻസൺ കവാനിയെ ബൊക്ക ജൂനിയേഴ്സ് സൈന്‍ ചെയ്തു
ലാലിഗ ടീമായ വലൻസിയയുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം ഉറുഗ്വേ സ്ട്രൈക്കർ എഡിൻസൺ കവാനി ബൊക്ക ജൂനിയേഴ്സിൽ ചേർന്നതായി അർജന്റീനിയൻ ക്ലബ് ശനിയാഴ്ച അറിയിച്ചു.36-കാരനായ അദ്ദേഹം 18 മാസത്തെ കരാറിൽ ആണ് ഒപ്പ് വെച്ചിരിക്കുന്നത്.
2020 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്ന താരത്തിനു ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല എന്നത് മൂലം രണ്ട് വർഷത്തിന് ശേഷം ഒരു ഫ്രീ ട്രാൻസ്ഫറിൽ അദ്ദേഹം വലൻസിയയിലേക്ക് മാറി. അടുത്ത വർഷം അവസാനിക്കാനിരുന്ന സ്ട്രൈക്കറുടെ കരാർ പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കുകയായിരുന്നു.ഉറുഗ്വേയുടെ ഡാനുബിയോയിലൂടെ കരിയർ ആരംഭിച്ച കവാനി 2007ൽ പലേർമോയിൽ ചേര്‍ന്നതോടെ ആണ് യൂറോപ്പിലേക്ക് വന്നത്.നാല് സീസണുകൾക്ക് ശേഷം അദ്ദേഹം നാപ്പോളിയിലേക്ക് മാറി, അവിടെ 138 മത്സരങ്ങളിൽ നിന്ന് 104 ഗോളുകൾ നേടിയ താരത്തിനെ 2013-ൽ, പാരീസ് സെന്റ് ജെർമെയ്ന് സൈന്‍ ചെയ്യുകയായിരുന്നു.ഏഴ് വർഷം അവിടെ കളിച്ച താരം ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും രണ്ടാമത്തെ മികച്ച ഗോള്‍ സ്കോറര്‍ ആണ്.






































