പ്രീ സീസന് എല്‍ ക്ലാസിക്കോ ; റയലിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച് ബാഴ്സലോണ
ടെക്സാസ് എട്ടി ആന്‍ഡ് ട്ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് റയല്‍ മാഡ്രിഡിനെ ബാഴ്സലോണ തോല്‍പ്പിച്ചു.കഴിഞ്ഞ സൗഹൃദ മത്സരത്തില്‍ ആഴ്സണലിനെതിരെ 5-3 എന്ന സ്കോര്‍ലൈനില്‍ ബാഴ്സലോണ പരാജയപ്പെട്ടിരുന്നു. യുണൈട്ടഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം നേടിയ വരവില്‍ ആയിരുന്നു റയല്‍ മാഡ്രിഡ്.
പതിനഞ്ചാം മിനുട്ടില്‍ ഉസ്മാന് ഡേമ്പലെ നേടിയ ഗോളിലാണ് ബാഴ്സ ലീഡ് നേടിയത്.ശേഷിക്കുന്ന സമയം റയലിന്റെ എല്ലാ നീക്കങ്ങളും പ്രതിരോധിക്കാന്‍ ആയിരുന്നു സാവി പദ്ധതി ഇട്ടിരുന്നത്.സ്കോര്‍ സമനിലയില്‍ ആക്കാനുള്ള ഒരു മികച്ച അവസരം വിനീഷ്യസിന് ലഭിച്ചിരുന്നു.എന്നാല്‍ താരത്തിന്റെ പെനാല്‍റ്റി കിക്ക് ബാറില്‍ തട്ടി തെറിച്ചതോടെ ആ അവസരവും റയലിന് നഷ്ട്ടമായി.ഇന്നത്തെ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് 66 മിനുട്ടില്‍ പെഡ്രിക്ക് പകരം പിച്ചിലേക്ക് ഇറങ്ങിയ ഫെര്‍മിന്‍ ലോപസ് ആണ്.വെറും ഇരുപത് വയസ് മാത്രം ഉള്ള ലാമാസിയന്‍ താരം ഒരു ഗോളും ഒരു അസിസ്റ്റും നല്‍കിയിട്ടുണ്ട്.താരം ബാഴ്സ സീനിയര്‍ ജേഴ്സിയില്‍ ഇത് രണ്ടാമത്തെ മത്സരം ആണ് കളിക്കുന്നത്.എക്സ്ട്രാ ടൈമില്‍ ഫെറാന്‍ ടോറസ് ആണ് ബാഴ്സക്ക് വേണ്ടി മൂന്നാം ഗോള്‍ നേടിയത്.






































