വനിതാ ഏകദിന ബാറ്റിംഗ് റാങ്കിംഗ്: ഹാർലീനും ജെമിമയക്കും വലിയ നേട്ടങ്ങൾ
ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിൽ 77 റൺസുമായി ടീമിനായി ടോപ് സ്‌കോറായതിന് ശേഷം ‘പ്ലേയർ ഓഫ് ദ മാച്ച്’ ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ ഹർലീൻ ഡിയോൾ ഐസിസി വനിതാ ഏകദിന പ്ലെയർ റാങ്കിംഗിൽ 32 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി.
ഏറ്റവും പുതിയ ഐസിസി റാങ്കിങ്ങിൽ ഹാർലീൻ 51-ാം സ്ഥാനത്തെത്തിയപ്പോൾ രണ്ടാം ഏകദിനത്തിൽ 86 റൺസ് നേടിയ ജെമിമ റോഡ്രിഗസ് 41 സ്ഥാനങ്ങൾ ഉയർന്ന് 55-ാം സ്ഥാനത്തെത്തി. ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ സ്മൃതി മന്ദാന ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തിയെങ്കിലും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ രണ്ട് സ്ഥാനം പിന്നിട്ട് എട്ടാം സ്ഥാനത്തെത്തി.
ദീപ്തി ശർമ്മ (9), രാജേശ്വരി ഗയക്‌വാദ് (10) എന്നിവർ ബൗളർമാരുടെ ആദ്യ പത്തിൽ സ്ഥാനം നിലനിർത്തിയപ്പോൾ സ്‌നേഹ് റാണ മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് 38-ാം സ്ഥാനത്താണ്. ഓൾറൗണ്ടർമാരുടെ റാങ്കിംഗിലും ദീപ്തി (7) സ്ഥാനം നിലനിർത്തി.
കഴിഞ്ഞ ചൊവ്വാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെ ടൗണ്ടനിൽ നടന്ന ഐസിസി വനിതാ ചാമ്പ്യൻഷിപ്പ് പരമ്പരയിലെ അവസാന ഏകദിനത്തിൽ മാച്ച് വിന്നിംഗ് സെഞ്ച്വറി നേടിയതിന് ശേഷം ഇംഗ്ലണ്ട് ഓൾറൗണ്ടർ നതാലി സ്കൈവർ-ബ്രണ്ട് കരിയറിൽ ആദ്യമായി ഐസിസി വനിതാ ഏകദിന പ്ലെയർ റാങ്കിംഗിൽ ഒന്നാം റാങ്ക് നേടി.