തായ്ലൻഡിൽ പ്രീ-സീസൺ പരിശീലന ക്യാമ്പിന് തുടക്കം കുറിച്ച് മുംബൈ എഫ്സി
2023-24 ഐഎസ്എല്‍ സീസൺ അടുക്കുമ്പോൾ മുംബൈ സിറ്റി എഫ്സി ഫസ്റ്റ് ടീമും കോച്ച് ഡെസ് ബക്കിംഗ്ഹാമും സ്റ്റാഫും ചേർന്ന് ജൂലൈ 15 ശനിയാഴ്ച പ്രീസീസന്‍ തയ്യാറെടുപ്പുകള്‍ക്ക് വേണ്ടി തായ്ലൻഡിലേക്ക് യാത്രതിരിച്ചു. ജൂലൈ 15 മുതൽ ഓഗസ്റ്റ് 1 വരെ തായ്ലൻഡിലെ ബാങ്കോക്കില്‍ ആയിരിക്കും ടീം പരിശീലനം നടത്താന്‍ പോകുന്നത്.
മാനേജര്‍ ഡെസ് ബക്കിംഗ്ഹാമിന്റെ കീഴില്‍ മികച്ച മുന്നേറ്റം ആയിരുന്നു മുംബൈ കഴിഞ്ഞ സീസണില്‍ കാഴ്ച്ചവെച്ചത്.46 പോയിന്റ് നേടി ലീഗില്‍ ഒന്നാം സ്ഥാനം നേടിയ മുംബൈ ഏഷ്യയിലെ പ്രീമിയർ ക്ലബ് മത്സരമായ എഎഫ്സി ചാമ്പ്യൻസ് ലീഗില്‍ കളിക്കുവാനുള്ള യോഗ്യതയും നേടി കഴിഞ്ഞു.സെപ്ട്ടംബറില് ലീഗ് ആരംഭിക്കാന്‍ ഇരിക്കെ ഇപ്പോള്‍ തന്നെ തങ്ങളുടെ ടീമിനെ എന്തിനും സജ്ജര്‍ ആയി നിര്‍ത്താനുള്ള തീരുമാനത്തില്‍ ആണ് മുംബൈ.കഴിഞ്ഞ സീസണില്‍ തങ്ങള്‍ എന്ത് നേടിയോ അതിലും മികച്ച നേട്ടങ്ങള്‍ കൊയ്യുക എന്ന ഒറ്റ ലക്ഷ്യത്തില്‍ ആണ് ടീം ഇപ്പോള്‍ തന്നെ ബാങ്കോക്കില്‍ പ്രീ സീസന് ആരംഭിക്കുന്നത് എന്നും ക്ലബ് സിഇഒ കന്ദാർപ് ചന്ദ്ര പറഞ്ഞു.






































