ഡച്ച് പടയെ തുരത്തി യുവേഫ നാഷന്‍സ് ലീഗിലെ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇറ്റലി
നേഷൻസ് ലീഗ് ഫൈനലിൽ ഇറ്റലി ആശ്വാസ വെങ്കല മെഡല്‍ സ്വന്തമാക്കി.ഇന്നലെ നടന്ന ലൂസേര്‍സ് ഫൈനലില്‍ ആതിഥേയരായ നെതർലാൻഡ്‌സിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ടാണ് ഇറ്റലി യുവേഫ നാഷന്‍സ് ലീഗില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.യുവേഫ നാഷന്‍സ് ലീഗ് ചാമ്പ്യന്മാര്‍ ആയ സ്പെയിനിനെതിരെയാണ് സെമിഫൈനലില്‍ ഇറ്റലി പരാജയപ്പെട്ടത്.
തുടക്കത്തില്‍ തന്നെ ആക്രമിച്ച് കളിച്ച ഇറ്റലി ആദ്യ പകുതിയുടെ വിസില്‍ മുഴങ്ങുന്നതിനു മുന്‍പ് തന്നെ രണ്ടു ഗോള്‍ ലീഡ് നേടിയിരുന്നു.ഫെഡറിക്കോ ഡിമാർക്കോ,ഡേവിഡ് ഫ്രാറ്റെസി എന്നിവര്‍ ആണ് ഇറ്റലിക്ക് വേണ്ടി സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയത്.68-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി കൊണ്ട് സ്റ്റീവൻ ബെർഗ്വിജൻ ഡച്ച് പടക്ക് നേരിയ പ്രതീക്ഷ നല്‍കി എങ്കിലും നാല് മിനുട്ടിനുള്ളില്‍ തന്നെ ഇറ്റലിക്ക് വേണ്ടി ഗോള്‍ നേടി കൊണ്ട് ഫെഡറിക്കോ ചീസ വീണ്ടും ലീഡ് രണ്ടാക്കി വര്‍ധിച്ചു.89 ആം മിനുട്ടില്‍ ഇറ്റലിയുടെ വല ഭേദിച്ച് കൊണ്ട് വൈനാള്‍ഡം ഡച്ച് ടീമിന് വേണ്ടി രണ്ടാം ഗോള്‍ നേടി എങ്കിലും അത് കൊണ്ട് വലിയ കാര്യം ഒന്നും സംഭവിച്ചില്ല. മാനേജര്‍ ആയി ചുമതല ഏറ്റതിന് ശേഷം കോമാന്‍റെ വഴി കൂടുതല്‍ ദുര്‍ഘടം പിടിച്ചു വരുകയാണ്.ഇന്നലത്തെ തോല്‍വിയോടെ അദ്ദേഹത്തിന് മേലുള്ള സമ്മര്‍ദം വളരെ ഏറെ വര്‍ധിച്ചിരിക്കുകയാണ്.