ക്രൊയേഷ്യയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ച് സ്പെയിൻ യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കി
ഞായറാഴ്ച റോട്ടർഡാമിൽ നടന്ന നേഷൻസ് ലീഗ് മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയെ 5-4ന് തോൽപ്പിച്ച് ഒരു ദശാബ്ദത്തിനു ശേഷം സ്‌പെയിന്‍ തങ്ങളുടെ ആദ്യ ഇന്റര്‍നാഷണല്‍ ട്രോഫി നേടി.2012 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് ശേഷമുള്ള ആദ്യ കിരീടം ആണ് ഇന്നലെ സ്പെയിന്‍ നേടിയത്.അധിക സമയവും പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകള്‍ക്കും ഗോള്‍ ഒന്നും തന്നെ നേടാന്‍ ആവാതെ പോയപ്പോള്‍ മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടു.
നാലാമത്തെ പെനാല്‍ട്ടി കിക്ക് എടുത്ത ലോവ്രോ മേജറുടെ ഷൂട്ട് സേവ് ചെയ്ത് കൊണ്ട് ഉനൈ സൈമൺ സ്പെയിനിനു മുന്‍തൂക്കം നേടി കൊടുത്തു എങ്കിലും സ്പെയിനിനു വേണ്ടി അഞ്ചാം കിക്ക് എടുത്ത അയ്മേറിക്ക് ലപോര്‍ട്ടയുടെ ഷോട്ട് പോസ്റ്റിനു വെളിയിലേക്ക് പോയത് വീണ്ടും സ്പെയിനിനെ സമ്മര്‍ദത്തില്‍ ആഴ്ത്തി.എന്നാൽ മറ്റൊരു സേവുമായി സൈമൺ വീണ്ടും സ്പെയിനിനെ മുന്നിലേക്ക് നയിച്ചു.ഇത്തവണ താരം സേവ് ചെയ്തത് ബ്രൂണോ പെറ്റ്കോവിച്ചിന്‍റെ കിക്ക് ആണ്.അതിനു ശേഷം കിക്ക് എടുക്കാന്‍ വന്ന റയല്‍ താരം ഡാനി കര്‍വഹാള്‍ ഒരു പനേങ്ക ഷോട്ടിലൂടെ ആണ് സ്പെയിനിനെ വിജയത്തിലേക്ക് നയിച്ചത്.ഇത് ക്രൊയേഷ്യയുടെ മൂന്നാമത്തെ ഫൈനല്‍ തോല്‍വിയാണ്.ഇന്നലത്തെ തോല്‍വിയോടെ വെറ്ററന്‍ താരമായ ലൂക്ക മോഡ്രിച്ചിന്റെ ഇന്റര്‍നാഷണല്‍ ട്രോഫിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് 2024 യൂറോവരെ നീളും.