സമനിലയില്‍ കലാശിച്ച് ലിവര്‍പൂള്‍ – സതാംട്ടന്‍ ത്രില്ലര്‍ പോരാട്ടം !!!
പ്രീമിയര്‍ ലീഗില്‍ നിന്നും വിടവാങ്ങാന്‍ ഒരുങ്ങുന്ന സതാംട്ടന്‍ ഒരു മികച്ച പ്രകടനത്തോടെ സീസണ്‍ പൂര്‍ത്തിയാക്കി.ശക്തര്‍ ആയ ലിവര്‍പൂളിനെ 4-4 എന്ന സ്കോറില്‍ ആണ് അവര്‍ സമനിലയില്‍ തളച്ചത്.വിജയം നേടിയാലും ഇല്ലെങ്കിലും വലിയ മാറ്റങ്ങള്‍ ഒന്നും ലിവര്‍പൂളിന്റെ പൊസിഷന് സംഭവിക്കാന്‍ പോകുന്നില്ലായിരുന്നു.അഞ്ചാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ അടുത്ത സീസണില്‍ യൂറോപ്പ ലീഗ് കളിച്ചേക്കും.ലിവര്‍പൂള്‍ ജേഴ്സിയില്‍ തന്‍റെ അവസാന മത്സരം കളിച്ച റോബര്‍ട്ട് ഫിര്‍മീഞ്ഞോക്ക് ഗോള്‍ കണ്ടെത്താന്‍ സാധിച്ചു.
മത്സരം ആരംഭിച്ച് പതിനഞ്ച് മിനുട്ട് പൂര്‍ത്തിയാവുമ്പോഴേക്കും ജോട്ട(10),ഫിര്‍മീഞ്ഞോ(14 ) എന്നിവര്‍ ലിവര്‍പൂളിനെ ഏറെ മുന്നില്‍ എത്തിച്ചു.എന്നാല്‍ ആദ്യ പകുതി പൂര്‍ത്തിയാവും മുന്നേ തന്നെ ജെയിംസ് വാർഡ്-പ്രോസും കമൽദീൻ സുലൈമാനയും ആതിഥേയരേ സമനിലയിലേക്ക് നയിച്ചു.രണ്ടാം പകുതിയിലും പിറന്നു നാല് ഗോളുകള്‍.സതാംട്ടന് വേണ്ടി കമൽദീൻ സുലൈമാന്‍ തന്‍റെ രണ്ടാമത്തെ ഗോള്‍ കണ്ടെത്തിയപ്പോള്‍ പകരക്കാരന്‍ ആയി വന്ന ആഡം ആംസ്ട്രോങ്ങും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.രണ്ടു ഗോളിന് പിന്നില്‍ നിന്ന ലിവര്‍പൂളിന് രക്ഷയായി ഡിയഗോ ജോട്ടയും കോഡി ഗാക്ക്പോയും അവതരിച്ചു.തന്‍റെ ടീം ഒരു മിനുറ്റ് വിത്യാസത്തില്‍ രണ്ടു ഗോള്‍ മടക്കിയത് തന്നെ അമ്പരപ്പിച്ചു എന്ന് മത്സരശേഷം ക്ലോപ്പ് വെളിപ്പെടുത്തി.