ആദ്യ പകുതിയില്‍ ആഴ്സണല്‍ പുറത്തെടുത്ത പ്രകടനത്തില്‍ അഭിമാനം കൊള്ളുന്നു എന്ന് വെളിപ്പെടുത്തി ആര്‍റെറ്റ
ലിവര്‍പൂളിനോട് തോറ്റ ആഴ്സണലിനെ ശക്തമായി പിന്തുണച്ചു കൊണ്ട് മാനേജര്‍ മൈക്കല്‍ ആര്‍റെറ്റ.തന്‍റെ ടീം ആദ്യ അര മണിക്കൂറില്‍ നന്നായി കളിച്ചു എന്നും ശേഷിക്കുന്ന ലീഗ് മത്സരങ്ങളില്‍ ആദ്യ പകുതിയില്‍ കളിച്ച ആഴ്സണലിനെ ആണ് തനിക്ക് കാണേണ്ടത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ആദ്യ അരമണിക്കൂറിൽ ഗബ്രിയേൽ ജീസസ്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരിലൂടെ രണ്ട് ഗോളുകൾ നേടിയ ആഴ്സണൽ തകർപ്പൻ ഫോമിലായിരുന്നു.

“ആന്‍ഫീല്‍ഡില്‍ പോയി ലിവര്‍പൂളിനെ വിറപ്പിച്ച ടീമിന്‍റെ പ്രകടനത്തില്‍ ഞാന്‍ വളരെ തൃപ്തന്‍ ആണ്.പക്ഷേ പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ടു.അത് കൂടുതല്‍ കുഴപ്പത്തിലേക്ക് ടീമിനെ നയിച്ചു. ലിവർപൂളിന് മൂന്നോ നാലോ സ്കോർ ചെയ്യാമായിരുന്നു.ഞങ്ങളുടെ കീപ്പര്‍ മികച്ച ഫോമില്‍ ആയതിനാല്‍ ഏറെ ഗോള്‍ ഒന്നും വഴങ്ങാതെ രക്ഷപ്പെട്ടു.”മൈക്കല്‍ ആര്‍റെറ്റ സ്കൈ സ്പോര്‍ട്ട്സിനോട് പറഞ്ഞു.ശേഷിക്കുന്ന എട്ടു മത്സരങ്ങള്‍ ഉള്ള ആഴ്സണലിന് എല്ലാ മത്സരങ്ങളിലും ജയം നേടാന്‍ ആയാല്‍ മാത്രമേ ഇനി ലീഗ് കിരീടം നേടാന്‍ ആകു.