ഗോളും അസിസ്റ്റുമായി ലൂണ; ചെന്നൈയിനെ കീഴടക്കി ബ്ലാസ്റ്റേഴ്സ്.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറിയ അതിവാശിയേറിയ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം. സ്വന്തം തട്ടകമായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ചു കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയത്. മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ 2ആം മിനിറ്റിൽ എൽ ഹയാതിയിലൂടെ സന്ദർശകർ ലീഡ് സ്വന്തമാക്കുകയായിരുന്നു. ഒന്ന് നിലയുറപ്പിക്കും മുന്നേ ഗോൾ വഴങ്ങേണ്ടി വന്നത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആയെങ്കിലും ടീം പിന്നീട് കൂടുതൽ ഒത്തിണക്കത്തോടെ ആക്രമണങ്ങൾ നെയ്തെടുക്കുകയായിരുന്നു.
അതിൻ്റെ ഫലമായി നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ 38ആം മിനിറ്റിൽ ബോക്സിന് വെളിയിൽ നിന്നും ഉറുഗ്വായൻ താരം അഡ്രിയാൻ ലൂണ നേടിയ മിന്നും ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ഒപ്പമെത്തി. ശേഷം ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു. തുടർന്ന് രണ്ടാം പകുതിയിലും കളിയുടെ നിയന്ത്രണം ബ്ലാസ്റ്റേഴ്സിൻ്റെ കൈകളിൽ തന്നെയായിരുന്നു. അങ്ങനെ 64ആം മിനിറ്റിൽ രാഹുൽ കെ.പിയിലൂടെ ആതിഥേയർ വിജയഗോൾ സ്വന്തമാക്കുകയായിരുന്നു. മജീഷ്യൻ ലൂണ തന്നെയായിരുന്നു ഈയൊരു ഗോളിന് വഴിയിരുക്കിയത്.
ശേഷിച്ച സമയം ലീഡ് വർധിപ്പിക്കുവാനായി ബ്ലാസ്റ്റേഴ്സും സമനില ഗോളിനായി ചെന്നൈയിനും ആവുന്നത്ര പൊരുതിയെങ്കിലും കൂടുതൽ ഗോളുകൾ ഒന്നും തന്നെ മത്സരത്തിൽ പിറന്നില്ല. ചെന്നൈയിൻ്റെ ഗോളെന്നുറച്ച 2 ഷോട്ടുകളാണ് മത്സരത്തിൽ പ്രഭ്സുഖൻ ഗിൽ തടുത്തിട്ടത്. ഒടുവിൽ നിശ്ചിതസമയം പിന്നട്ടപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കൊമ്പന്മാർ വിജയം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 17 മത്സരങ്ങളിൽ നിന്നും 31 പോയിൻ്റുമായി മഞ്ഞപ്പട മൂന്നാംസ്ഥാനം ഭദ്രമാക്കി. നിലവിൽ ഈയൊരു സ്ഥാനത്തിന് ഭീഷണികൾ ഒന്നും തന്നെയില്ല.
മറുവശത്ത് തോൽവി വഴങ്ങിയ ചെന്നൈയിൻ 17 മത്സരങ്ങളിൽ നിന്നും 18 പോയിൻ്റുമായി 8ആം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഇതോടെ അവരുടെ അവശേഷിച്ച പ്ലേഓഫ് സാധ്യതകൾക്ക് കരിനിഴൽ വീണിരിക്കുകയാണ്.