Cricket Cricket-International Top News

ഗില്ലിന് സെഞ്ച്വറി, പാണ്ഡ്യക്ക് 4 വിക്കറ്റ്; കിവീസിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ.!

February 2, 2023

author:

ഗില്ലിന് സെഞ്ച്വറി, പാണ്ഡ്യക്ക് 4 വിക്കറ്റ്; കിവീസിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ.!

ന്യൂസീലാൻഡിനെതിരായ പരമ്പരയിലെ അതിനിർണായകമായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 168 റൺസിൻ്റെ കൂറ്റൻ വിജയം. ഏകദിനത്തിലെ അത്യുജ്വല ഫോം തുടർന്ന ശുഭ്മാൻ ഗില്ലിൻ്റെ സെഞ്ച്വറി മികവിലാണ് ഇന്ത്യ ഈയൊരു തകർപ്പൻ വിജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ ഇഷാൻ കിഷൻ്റെ വിക്കറ്റ് നഷ്ടമായെങ്കിലും ഗില്ലിൻ്റെ വെടിക്കെട്ട് ബാറ്റിംഗിൻ്റെ പിൻബലത്തിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 234 എന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തുകയായിരുന്നു. 63 പന്തുകൾ നേരിട്ട താരം 12 ഫോറുകളുടെയും, 7 സിക്സറുകളുടെയും അകമ്പടിയോടെ 126 റൺസാണ് അടിച്ചെടുത്തത്.

അന്താരാക്ഷ്ട്ര ടി20 മത്സരത്തിലെ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് സ്വന്തമാക്കാൻ ഗില്ലിന് സാധിച്ചു. തൃപാതി 44(22), എസ്.യാദവ് 24(13), പാണ്ഡ്യ 30(17) തുടങ്ങിയവർ ഗില്ലിന് ഒത്ത പിന്തുണ നൽകി. കിവീസ് നിരയിൽ ഒരോവർ വീതം എറിഞ്ഞ മിച്ചൽ, ബ്രേസ്വെൽ എന്നിവരൊഴികെ മറ്റുള്ളവർ എല്ലാം തന്നെ കണക്കിന് തല്ലുവാങ്ങി. 50 റൺസിന് മുകളിൽ വഴങ്ങിയ ടിക്ക്നെർ, ഫെർഗുസൻ എന്നിവരെയാണ് ഇന്ത്യ കൂടുതൽ നിർദാക്ഷിണ്യം തല്ലിയത്. മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ കിവീസിന് സ്കോർ ബോർഡിൽ 7 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും 4 വിക്കറ്റുകൾ നഷ്ടമായി. 35 റൺസ് നേടിയ മിച്ചലിനും, 13 റൺസ് നേടിയ സാൻ്റ്നെറിനുമൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.

ഒടുവിൽ 12.1 ഓവറിൽ 66 റൺസിന് സന്ദർശകർ ഓൾഔട്ട് ആവുകയായിരുന്നു. ഇന്ത്യക്കായി ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ 4 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ അർഷ്ദീപ്, ഉമ്രാൻ, മാവി തുടങ്ങിയവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി. അങ്ങനെ 168 റൺസിൻ്റെ ആധികാരിക വിജയം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. അന്തരാക്ഷ്ട്ര ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന മാർജിനിൽ ഉള്ള വിജയം എന്ന റെക്കോർഡ്(among full-time members) സ്വന്തമാക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. മുമ്പും ഈ റെക്കോർഡ് ഇന്ത്യയുടെ പേരിൽ തന്നെയായിരുന്നു(143 runs vs Ireland). ഈയൊരു കൂറ്റൻ വിജയത്തോടെ 3 മത്സര പരമ്പര 2-1 ന് സ്വന്തമാക്കുവാൻ ഇന്ത്യക്കായി.

വെടിക്കെട്ട് ബാറ്റിംഗിലൂടെ അപരാജിത ഇന്നിംഗ്സ് കാഴ്ചവെച്ച ശുഭ്മാൻ ഗില്ലാണ് കളിയിലെ താരം. പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഹർദിക് പാണ്ഡ്യയാണ് പരമ്പരയിലെ താരം.

Leave a comment