ബംഗളുരുവിൽ നിന്നും ഡാനിഷിനെ സ്വന്തം കൂടാരത്തിൽ എത്തിച്ച് ബ്ലാസ്റ്റേഴ്സ്.!
ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ ഡെഡ്ലൈൻ ഡേയിൽ ബംഗളുരു എഫ്സിയിൽ നിന്നും ഇന്ത്യൻ ഇൻ്റർനാഷണൽ താരം ഡാനിഷ് ഫറൂഖിനെ സ്വന്തം കൂടാരത്തിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കുറച്ച് ദിവസങ്ങൾ മുമ്പ് എ.ടി.കെയിലേക്ക് കൂടുമാറിയ പൂട്ടിയക്ക് പകരക്കാരനായാണ് ഡാനിഷിനെ ക്ലബ് ടീമിൽ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസൺ മുതൽ ബ്ലാസ്റ്റേഴ്സ് നോട്ടമിട്ടിരുന്ന താരമായിരുന്നു ഡാനിഷ്. എന്തായാലും ഇപ്പൊൾ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുകയാണ്. 2026 വരെയുള്ള മൂന്നര വർഷത്തെ കരാറിൽ ആകും താരം ബ്ലാസ്റ്റേഴ്സിനായി പന്തുതട്ടുക.
2021ൽ ഐ ലീഗ് ക്ലബായ റിയൽ കാശ്മീരിൽ നിന്നും ബംഗളുരുവിൽ എത്തിയ താരം 17 മത്സരങ്ങളിൽ ദി മൈറ്റി ബ്ലൂസിനായി കളത്തിലിറങ്ങി. അതിൽ നിന്നും 3 ഗോളുകൾ നേടുവാനും മിഡ്ഫീൽഡറായ ഡാനിഷിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഇന്ത്യൻ ദേശീയ ടീമിനായും 2 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. എന്തായാലും ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം മികച്ചൊരു സൈനിങ് തന്നെയാണ് ഇതെന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല.