ഡയമൻ്റാക്കോസിൻ്റെ ഇരട്ടഗോൾ മികവിൽ നോർത്ത് ഈസ്റ്റിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം. സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അരങ്ങേറിയ പോരാട്ടത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് കൊമ്പന്മാർ വിജയക്കൊടി പാറിച്ചത്. ഗ്രീക്ക് ഇൻ്റർനാഷണൽ താരം ദിമിത്രി ഡയമൻ്റാക്കോസ് മത്സരത്തിൽ ഇരട്ടഗോളുകൾ സ്വന്തമാക്കി. ആദ്യപകുതിയുടെ 42,44 മിനിറ്റുകളിൽ ആയിരുന്നു ദിമിയുടെ ഗോളുകൾ പിറന്നത്. താരത്തിൻ്റെ ആദ്യ ഗോളിന് ബ്രൈസ് മിറാൻഡ വഴിയൊരുക്കിയപ്പോൾ, രണ്ടാമത്തെ ഗോളിന് പിന്നിൽ അഡ്രിയാൻ ലൂണയായിരുന്നു ചുക്കാൻ പിടിച്ചത്.
മത്സരത്തിലുടനീളം സമ്പൂർണ ആധിപത്യം പുറത്തെടുത്തിട്ടും കൂടുതൽ ഗോളുകൾ നേടുവാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. അല്ലെങ്കിൽ പാഴാക്കിയെന്ന് വേണം പറയാൻ. ഈയൊരു വിജയത്തോടെ 15 മത്സരങ്ങളിൽ നിന്നും 28 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് കയറി. 16 മത്സരങ്ങൾ പൂർത്തിയാക്കിയ നോർത്ത് ഈസ്റ്റ് 14 പരാജയങ്ങളുമായി കേവലം 4 പോയിൻ്റുമായി അവസാന സ്ഥാനത്ത് തുടരുകയാണ്.