എഫ്.എ കപ്പിൽ നിന്നും ആഴ്സനലിനെ പറഞ്ഞയച്ച് സിറ്റി.!
എഫ്.എ കപ്പിൻ്റെ നാലാം റൗണ്ടിൽ അരങ്ങേറിയ സൂപ്പർ പോരാട്ടത്തിൽ ആഴ്സനലിനെതിരെ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് വിജയം. തോൽവിയോടെ ആഴ്സനൽ എഫ്.എ കപ്പിൽ നിന്നും പുറത്തായി. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറിയ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റി വിജയം സ്വന്തമാക്കിയത്. ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാംപകുതിയിൽ ആയിരുന്നു മത്സരത്തിലെ ഏകഗോളിൻ്റെ പിറവി. 64ആം മിനിറ്റിൽ ഗ്രീലിഷിൻ്റെ പാസിൽ നിന്നും പ്രതിരോധതാരം നഥാൻ അകെയാണ് സിറ്റിക്കായി വലകുലുക്കിയത്.


ഗോൾ മടക്കുവാനുള്ള അവസരങ്ങൾ ആഴ്സനലിനും, കൂടുതൽ ഗോളുകൾ നേടുവാനുള്ള അവസരങ്ങൾ സിറ്റിക്കും ലഭിച്ചെങ്കിലും നിർഭാഗ്യവശാൽ ഒന്നും ഗോളായി മാറിയില്ല. ഒടുവിൽ നിശ്ചിതസമയം പിന്നിട്ടപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് മത്സരം പെപ്പിൻ്റെ ശിഷ്യന്മാർ സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ സിറ്റി ടൂർണമെൻ്റിൻ്റെ അഞ്ചാം റൗണ്ടിലേക്ക് പ്രവേശിച്ചു. പരാജയം ഏറ്റുവാങ്ങിയ ഗണ്ണേഴ്സ് ടൂർണമെൻ്റിൽ നിന്നും പുറത്തായി.