ഇംഗ്ലണ്ടിൽ ഇന്ന് തീപാറും; ആഴ്സനൽ, യുണൈറ്റഡുമായി കൊമ്പുകോർക്കുന്നു.!
പ്രീമിയർ ലീഗിൽ ഇന്ന് തീപാറുന്നൊരു പോരാട്ടത്തിനാണ് ഫുട്ബോൾലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇന്ത്യൻ സമയം രാത്രി 10 മണിക്ക് അരങ്ങേറുന്ന പോരാട്ടത്തിൽ വമ്പന്മാരായ ആഴ്സനലും, മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ കൊമ്പുകോർക്കും. ആഴ്സനലിൻ്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ഇരുടീമുകളും തമ്മിൽ ലീഗിലെ ആദ്യപാദത്തിൽ ഓൾഡ് ട്രഫോർഡിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ യുണൈറ്റഡ് ആണ് വിജയിച്ചത്.
അതിനൊരു മറുപടിയാവും അർട്ടേറ്റയും സംഘവും ലക്ഷ്യമിടുക. ലീഗിൽ ഗണ്ണേഴ്സ് വഴങ്ങിയിട്ടുള്ള ഏക തോൽവിയാണിത്. ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയിട്ടുള്ള 5 മത്സരങ്ങളിൽ 2 വിജയങ്ങൾ വീതം രണ്ട് ടീമുകളും സ്വന്തമാക്കി. ഒരു മത്സരം സമനിലയിലുമായി. എന്നിരുന്നാലും ഇന്നത്തെ മത്സരത്തിൽ ആഴ്സനലിന് തന്നെയാണ് മുൻതൂക്കം. മികച്ച ഫോമിലാണ് ആവരുള്ളത്. മറുവശത്ത് ലീഗിൽ സിറ്റിയെ കീഴടക്കിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ടെൻ ഹാഗും സംഘവും ഇന്നത്തെ മത്സരത്തിനായി തയ്യാറെടുക്കുന്നത്. നിലവിൽ 18 മത്സരങ്ങളിൽ നിന്നും 47 പോയിൻ്റുമായി ആഴ്സനൽ ഒന്നാം സ്ഥാനത്താണ്.
ഇന്നത്തെ മത്സരഫലം എന്തുതന്നെയായാലും അവർക്ക് ഒന്നാംസ്ഥാനം നഷ്ടമാകുകയില്ല. അതേസമയം വിജയിക്കുകയാണെങ്കിൽ ഒന്നാം സ്ഥാനത്ത് ലീഡ് 8 ആക്കി ഉയർത്തുവാനും ആവർക്ക് സാധിക്കും. ഒരു മത്സരം കൂടുതൽ കളിച്ചിട്ടുള്ള യുണൈറ്റഡ് 19 മത്സരങ്ങളിൽ നിന്നും 39 പോയിൻ്റുമായി 4ആം സ്ഥാനത്താണ്. ഇന്ന് തോൽക്കാതിരുന്നാൽ ന്യൂകാസിലിനെ മറികടന്ന് 3ആം സ്ഥാനം സ്വന്തമാക്കാൻ യുണൈറ്റഡിന് കഴിയും. എന്തായാലും 2 വമ്പന്മാർ തമ്മിൽ മുഖാമുഖം വരുന്ന പോരാട്ടത്തിൽ അതിവാശിയേറിയ പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.