പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് വോൾവ്സിനെതിരെ.!
പ്രീമിയർ ലീഗിലെ മാച്ച് ഡേ 21ൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 7.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ വോൾവ്സിനെയാകും പെപ്പും സംഘവും നേരിടുക. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുന്ന മത്സരമായതു കൊണ്ടുതന്നെ സിറ്റിക്ക് മത്സരത്തിൽ മുൻതൂക്കം വർധിക്കുന്നു. അവസാനം കളിച്ച 3 മത്സരങ്ങളിൽ രണ്ടിലും സിറ്റി പരാജയം ഏറ്റുവാങ്ങിയിരുന്നു. എഫ്എ കപ്പിൽ സതാംപ്ടണിനോട് തോൽവി വഴങ്ങിയപ്പോൾ ലീഗിലെ മത്സരത്തിൽ യുണൈറ്റഡിന് മുന്നിലും മുട്ടുമടക്കി. കഴിഞ്ഞ മത്സരത്തിൽ ടോട്ടനാമിനെ കീഴടക്കാൻ കഴിഞ്ഞതാണ് പെപ്പിന് ആത്മവിശ്വാസം പകരുന്നത്.
മറുവശത്ത് ടേബിളിൽ ഏറെതാഴെയുള്ള വോൾവ്സിന് സിറ്റിയെ പരാജയപ്പെടുത്തുക എന്നത് കഠിനമായ കാര്യമാണ്. എന്നിരുന്നാലും അട്ടിമറികൾക്ക് കെൽപ്പുള്ള ടീം തന്നെയാണ് വോൾവ്സ്. നിലവിൽ 19 മത്സരങ്ങളിൽ നിന്നും 42 പോയിൻ്റുമായി സിറ്റി രണ്ടാം സ്ഥാനത്താണ് ഉള്ളത്. ഇന്നത്തെ മത്സരഫലം എന്തുതന്നെയായാലും ടീമിന് സ്ഥാനചലനം ഉണ്ടാകില്ല. മറുവശത്ത് അത്രയും മത്സരങ്ങളിൽ നിന്നും 17 പോയിൻ്റുമായി 17ആം സ്ഥാനത്താണ് വോൾവ്സ് ഉള്ളത്. തരംതാഴ്‌ത്തൽ ഭീഷണിയിൽ നിന്നും രക്ഷ നേടണമെങ്കിൽ അവർക്ക് ഇന്ന് വിജയം അനിവാര്യമാണ്. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.