ഐ.എസ്.എല്ലിൽ മുംബൈയുടെ തേരോട്ടം തുടരുന്നു.!
ഇന്ത്യൻ സൂപ്പർ ലീഗിൽ അപരാജിതകുതിപ്പ് തുടർന്ന് മുംബൈ സിറ്റി എഫ്സി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ആതിഥേയരായ മുംബൈ തകർത്തുവിട്ടത്. മത്സരത്തിലെ മുഴുവൻ ഗോളുകളും പിറന്നത് ആദ്യ പകുതിയിൽ ആയിരുന്നു. അഹമ്മദ് ജാഹു (5′), പെരേര ഡയസ് (11′), ഗ്രെഗ് സ്റ്റുവർട്ട് (15′), വിനീത് റായ് (45′) എന്നിവരാണ് മുംബൈക്കായി ലക്ഷ്യം കണ്ടത്. 15 മിനിറ്റ് പൂർത്തിയായപ്പോഴേക്കും സന്ദർശകരുടെ വലയിൽ 3 ഗോളുകൾ അടിച്ചുകയറ്റുവാൻ മുംബൈ സിറ്റിക്ക് കഴിഞ്ഞു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കൊളംബിയൻ താരം വിൽമർ ജോർദാൻ രണ്ടാം മഞ്ഞക്കാർഡിലൂടെ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത് ഗോൾ മടക്കാമെന്ന നോർത്ത് ഈസ്റ്റിൻ്റെ മോഹങ്ങൾക്ക് തിരിച്ചടിയായി.

അതേസമയം ലീഡ് ഉയർത്തുവാൻ മുംബൈക്ക് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും നോർത്ത് ഈസ്റ്റിൻ്റെ ഭാഗ്യം കൊണ്ട് അങ്ങനെ സംഭവിച്ചില്ല. 89ആം മിനിറ്റിൽ മുംബൈക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി പെരേര ഡയസ് പാഴാക്കിയതും നോർത്ത് ഈസ്റ്റിൻ്റെ തോൽവിഭാരം കുറച്ചു. ഒടുവിൽ ഏകപക്ഷീയമായ 4 ഗോളുകൾക്ക് ആതിഥേയർ വിജയം സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള മുംബൈക്ക് 15 മത്സരങ്ങളിൽ നിന്നും 39 പോയിൻ്റ് ആയി. ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് മുംബൈയുടെ കുതിപ്പ്. അതേസമയം പരാജയം ഏറ്റുവാങ്ങിയ നോർത്ത് ഈസ്റ്റിന് 15 പോയിൻ്റ് മാത്രമാണ് സമ്പാദ്യം. അവസാന സ്ഥാനത്താണ് അവരുള്ളത്.