ലീഗ് വണ്ണിൽ പി.എസ്.ജി ഇന്ന് റെന്നെസിനെതിരെ.!
ലീഗ് വണ്ണിലെ 19ആം റൗണ്ട് പോരാട്ടത്തിൽ വമ്പന്മാരായ പാരീസ് സെൻ്റ് ജർമെയ്ൻ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.15ന് കിക്കോഫ് ആകുന്ന മത്സരത്തിൽ റെന്നെസ് ആണ് പി.എസ്.ജിയുടെ എതിരാളികൾ. റെന്നെസിൻ്റെ തട്ടകമായ റോസോൺ പാർക്കിൽ വെച്ചാകും ഈയൊരു മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ നിന്നും വിശ്രമമെടുത്ത കിലിയാൻ എമ്പാപ്പെ, അഷ്റഫ് ഹക്കിമി തുടങ്ങിയ താരങ്ങൾ ഇന്നത്തെ മത്സരത്തിനുള്ള സ്ക്വാഡിൽ ഇടംകണ്ടെത്തിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ലോകകപ്പിന് ശേഷം മെസ്സിയും, എമ്പാപ്പെയും ഒരുമിച്ച് കളിക്കുന്ന ആദ്യമത്സരം എന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിന് ഉണ്ടാകും. ഇരുടീമുകളും തമ്മിൽ ഏറ്റവുമൊടുവിൽ ഏറ്റുമുട്ടിയ 5 മത്സരങ്ങളിൽ രണ്ട് ടീമുകളും രണ്ട് വിജയങ്ങൾ വീതം സ്വന്തമാക്കി. ഒരു മത്സരം സമനിലയിലും കലാശിച്ചു. ഏറ്റവും അവസാനം നടന്ന മത്സരത്തിൽ പി.എസ്.ജിയായിരുന്നു വിജയം സ്വന്തമാക്കിയത് (1-0). നിലവിൽ 18 മത്സരങ്ങളിൽ നിന്നും 47 പോയിൻ്റുമായി പാരീസിയൻസ് ഒന്നാം സ്ഥാനത്താണ്. ഇന്ന് പരാജയപ്പെട്ടാലും അവരുടെ ഒന്നാം സ്ഥാനത്തിന് മാറ്റം ഒന്നുംതന്നെ ഉണ്ടാകില്ല.
മറുവശത്ത് 18 മത്സരങ്ങളിൽ നിന്നും 38 പോയിൻ്റുമായി റെന്നെസ് 4ആം സ്ഥാനത്താണുള്ളത്. എന്തായാലും ലോകകപ്പിന് ശേഷം ആദ്യമായി എം.എൻ.എം സഖ്യം പി.എസ്.ജി നിരയിൽ ഒരുമിച്ച് ഇറങ്ങുമ്പോൾ മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.