പ്രീമിയർ ലീഗിലെ നോർത്ത് ലണ്ടൻ ഡെർബിയിൽ ആഴ്സനൽ ഇന്ന് ടോട്ടനാമിനെ നേരിടും.!
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ഡെർബിക്ക് ശേഷം ഇന്ന് മറ്റൊരു ഡെർബിക്കാണ് ഫുട്ബോൾ ലോകം സാക്ഷിയാകാൻ പോകുന്നത്. ഇന്ത്യൻ സമയം രാത്രി 10 മണിക്ക് അരങ്ങേറുന്ന നോർത്ത് ലണ്ടൻ ഡെർബിയിൽ ടോട്ടെനാം ഹോട്സ്പർ, ആഴ്സനലുമായി കൊമ്പുകോർക്കും. സ്പർസിൻ്റെ തട്ടകമായ ലണ്ടനിലെ ടോട്ടനാം ഹോട്സ്പർ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും വാശിയേറിയ ഈയൊരു ഡെർബി പോരാട്ടത്തിൽ 192 തവണയാണ് ഇരുടീമുകളും ഇതുവരെ മുഖാമുഖം വന്നിട്ടുള്ളത്.
അതിൽ 80 വിജയങ്ങൾ സ്വന്തമാക്കിയ ഗണ്ണേഴ്സാണ് മുൻപന്തിയിൽ. 61 മത്സരങ്ങളിൽ സ്പർസ് വിജയം നേടിയപ്പോൾ 51 മത്സരങ്ങൾ സമനിലയിലായി. ഏറ്റവും ഒടുവിൽ നടന്ന 5 ഡെർബി പോരാട്ടത്തിൽ 3 തവണയും ആഴ്സനൽ തന്നെയാണ് വിജയിച്ചത്. നിലവിലെ ഫോം പരിഗണിച്ചാലും ഇന്നത്തെ മത്സരത്തിൽ അർട്ടേറ്റക്കും സംഘത്തിനും തന്നെയാണ് മുൻതൂക്കം. പ്രീമിയർ ലീഗിലെ ആദ്യപാദ പോരാട്ടത്തിൽ ഇരുവരും തമ്മിൽ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ച് കൊമ്പുകോർത്തപ്പോൾ 3-1ന് മത്സരം ആഴ്സനൽ വിജയിക്കുകയായിരുന്നു.
നിലവിൽ 17 മത്സരങ്ങളിൽ നിന്നും 44 പോയിൻ്റുമായി ആഴ്സനൽ തന്നെയാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. ഇന്നത്തെ മത്സരഫലം എന്തുതന്നെയായാലും അവരുടെ ഒന്നാം സ്ഥാനത്തിന് കോട്ടംതട്ടുകയില്ല. മറുവശത്ത് 18 മത്സരങ്ങളിൽ നിന്നും 33 പോയിൻ്റുമായി സ്പർസ് 5ആം സ്ഥാനത്താണ്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ ഒരുപക്ഷേ 4ആം സ്ഥാനത്തേക്ക് കടക്കാൻ അവർക്ക് കഴിയും. എന്തായാലും ആരാകും നോർത്ത് ലണ്ടൻ ഡെർബിയിൽ വിജയക്കൊടി പാറിക്കുക എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.