തുടർതോൽവികളിൽ നിന്നും കരകയറാൻ ചെൽസി; എതിരാളികൾ ക്രിസ്റ്റൽ പാലസ്.!
പ്രീമിയർ ലീഗിൽ തുടർതോൽവികളിൽ നിന്നും രക്ഷനേടാൻ ചെൽസി ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 7.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെയാകും ഗ്രഹാം പോട്ടറും സംഘവും നേരിടുക. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. അവസാനം കളിച്ച 4 മത്സരങ്ങളിൽ ഒന്നിൽ പോലും വിജയം സ്വന്തമാക്കുവാൻ ചെൽസിക്ക് കഴിഞ്ഞിട്ടില്ല. ഈയൊരു ശാപം മാറ്റുവാൻ ആകും ഇന്ന് അവരുടെ ശ്രമം.

നിലവിൽ 18 മത്സരങ്ങളിൽ നിന്നും 25 പോയിൻ്റുമായി 10ആം സ്ഥാനത്താണ് ചെൽസിയുള്ളത്. പ്രധാനതാരങ്ങളുടെ പരിക്കും, നിലവിലുള്ള താരങ്ങളുടെ ഫോമില്ലായ്മയുമാണ് ചെൽസിയെ അലട്ടുന്ന പ്രധാന പ്രശ്നം. മറുവശത്ത് 17 മത്സരങ്ങളിൽ നിന്നും 22 പോയിൻ്റുമായി ക്രിസ്റ്റൽ പാലസ് 12ആം സ്ഥാനത്താണുള്ളത്. ഇരുവരും തമ്മിൽ ലീഗിലെ ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെൽസിയായിരുന്നു വിജയിച്ചത്.

രണ്ട് ടീമുകളും തമ്മിൽ മുഖാമുഖം വന്നിട്ടുള്ള അവസാന 5 മത്സരങ്ങളിൽ 5ലും വിജയം നേടാൻ ചെൽസിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ കണക്കുകൾ തന്നെയാവും ആതിഥേയർക്ക് ഇന്ന് ആത്മവിശ്വാസം നൽകുക. എന്തായാലും, വിജയപാതയിലേക്ക് തിരിച്ചെത്താൻ ചെൽസിക്ക് കഴിയുമോയെന്ന് അറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.