സൂപ്പർ കോപ്പയിൽ ഇന്ന് എൽ ക്ലാസിക്കോ പോരാട്ടം; ഫൈനലിൽ ബാർസയും, റയലും തമ്മിൽ കൊമ്പുകോർക്കും.!
സ്പാനിഷ് സൂപ്പർ കപ്പ്, അഥവാ സൂപ്പർ കോപ്പ ഡി എസ്പാനയിൽ ഇന്ന് ഫൈനൽ പോരാട്ടത്തിന് അരങ്ങുണരുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് അരങ്ങേറുന്ന കലാശപോരാട്ടത്തിൽ വമ്പന്മാരായ ബാർസലോണയും, റയൽ മാഡ്രിഡും തമ്മിൽ കൊമ്പുകോർക്കും. സൗദിയിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം നടക്കുക. ഫൈനലിൽ എൽ ക്ലാസിക്കോ പോരാട്ടം കാണാൻ കഴിയുന്നതിൻ്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ആരാധകർ.
പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇരുടീമുകളും ഫൈനലിലേക്ക് പ്രവേശിച്ചത്. റയൽ വലെൻസിയയെ പരാജയപ്പെടുത്തിയപ്പോൾ, ബാർസ റയൽ ബെറ്റിസിനെയാണ് കീഴടക്കിയത്. റയൽ മാഡ്രിഡ് ആണ് നിലവിലെ സൂപ്പർ കോപ്പ ചാമ്പ്യന്മാർ. കിരീടം നിലനിർത്താൻ റയൽ ഇറങ്ങുമ്പോൾ, കിരീടം തിരിച്ചുപിടിക്കുക എന്നതാണ് ബാർസയുടെ ലക്ഷ്യം. സൂപ്പർ കോപ്പയിൽ കൂടുതൽ തവണ മുത്തമിട്ടിട്ടുള്ളത് ബാർസയാണ്(13). ഇരുവരും തമ്മിൽ ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയ അവസാന 5 എൽ ക്ലാസിക്കോ പോരാട്ടത്തിൽ 3 വട്ടവും റയലിനൊപ്പമായിരുന്നു വിജയം.
ചരിത്രത്തിൽ ഇതുവരെ 249 എൽ ക്ലാസിക്കോ മത്സരങ്ങൾ ആണ് നടന്നിട്ടുള്ളത്. അതിൽ കൂടുതൽ വിജയങ്ങൾ റയലാണ് നേടിയത് (100). ബാഴ്സ 97 മത്സരങ്ങൾ വിജയിച്ചപ്പോൾ 52 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. അതേസമയം കിരീടക്കണക്കിൽ ബാർസയാണ് മുൻപന്തിയിൽ (96). റയൽ 90 കിരീടങ്ങളും നേടി. എൽ ക്ലാസിക്കോ പോരാട്ടങ്ങളിൽ കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത് നിലവിലെ പി.എസ്.ജി താരമായ സാക്ഷാൽ ലയണൽ മെസ്സിയാണ് (26).
14 years ago today, Lionel Messi scored his first-ever La Liga hat-trick in El Clasico 🐐 pic.twitter.com/yHeY6g64Av
— GOAL (@goal) March 10, 2021
എന്തായാലും വീണ്ടുമൊരു എൽ ക്ലാസിക്കോ പോരാട്ടത്തിന് ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുമ്പോൾ അതിവാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.