EPL 2022 European Football Foot Ball Top News

പ്രീമിയർ ലീഗിൽ ലിവർപൂളിനെ തകർത്ത് ബ്രൈറ്റൺ.!

January 14, 2023

author:

പ്രീമിയർ ലീഗിൽ ലിവർപൂളിനെ തകർത്ത് ബ്രൈറ്റൺ.!

പ്രീമിയർ ലീഗിൽ അരങ്ങേറിയ സൂപ്പർ പോരാട്ടത്തിൽ വമ്പന്മാരായ ലിവർപൂളിനെ തകർത്തെറിഞ്ഞ് ബ്രൈറ്റൺ. സ്വന്തം തട്ടകമായ ഫാൽമർ സ്റ്റേഡിയത്തിൽ അരങ്ങേറിയ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രൈറ്റൺ ലിവർപൂളിനെ തകർത്തുവിട്ടത്. മുൻ ചാമ്പ്യന്മാർ ലീഗിൽ നേരിടുന്ന തുടർച്ചയായ രണ്ടാം തോൽവിയാണിത്. സോളി മാർച്ചിൻ്റെ ഇരട്ടഗോളുകളാണ് ലിവർപൂളിൻ്റെ വിധിയെഴുതിയത്. ആദ്യപകുതി ഗോൾ രഹിതമായാണ് അവസാനിച്ചത്. തുടർന്ന് രണ്ടാം പകുതിയിൽ ബ്രൈറ്റൺ മത്സരത്തിൻ്റെ പിടി മുറുക്കുകയായിരുന്നു.

46ആം മിനിറ്റിൽ തന്നെ സോളി മാർച്ചിലൂടെ ആതിഥേയർ ആദ്യ ഗോൾ സ്വന്തമാക്കി. തുടർന്ന് ലിവർപൂൾ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരെ കണ്ണീരിൽ ആഴ്‌ത്തിക്കൊണ്ട് 53ആം മിനിറ്റിൽ ഫെർഗുസണിൻ്റെ പാസിൽ നിന്നും മാർച്ച് തൻ്റെയും ടീമിൻ്റെയും രണ്ടാം ഗോൾ സ്വന്തമാക്കി. അതോടെ കാര്യങ്ങൾ ലിവർപൂളിൻ്റെ കൈവിട്ടുപോയെന്ന് വേണം പറയാൻ. ശേഷം ക്ലോപ്പ് ഗോൾ മടക്കുവാനായി മത്സരത്തിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല.

ഒടുവിൽ മാർച്ചിൻ്റെ പാസിൽ നിന്നും വെൽബെക്ക് കൂടി സ്കോർ ചെയ്തതോടെ ലിവർപൂളിൻ്റെ പതനം പൂർത്തിയായി. സ്കോർ 3-0. അതോടെ സന്ദർശകർക്ക് അവശേഷിച്ച നേരിയ പ്രതീക്ഷകൾ കൂടി ഇല്ലാതായി. അങ്ങനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രൈറ്റൺ മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 18 മത്സരങ്ങളിൽ നിന്നും 30 പോയിൻ്റുമായി ബ്രൈറ്റൺ 7ആം സ്ഥാനത്തേക്ക് കയറി.

അതേസമയം തോൽവി ഏറ്റുവാങ്ങിയ ലിവർപൂൾ 18 മത്സരങ്ങളിൽ നിന്നും 28 പോയിൻ്റുമായി ഒരു സ്ഥാനം പിന്നിലേക്ക് ഇറങ്ങി 8ആം സ്ഥാനത്താണ്.

Leave a comment