അപരാജിത കുതിപ്പ് തുടരാൻ മുംബൈ; വെല്ലുവിളിയുമായി എ.ടി.കെ.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വൈകിട്ട് 7.30ന് അരങ്ങേറുന്ന സൂപ്പർ ക്ലാസ്സിക് പോരാട്ടത്തിൽ വമ്പന്മാരായ എ.ടി.കെ മോഹൻ ബഗാനും, മുംബൈ സിറ്റി എഫ്സിയും തമ്മിൽ പോരടിക്കും. എ.ടി.കെയുടെ തട്ടകമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. സീസണിൽ പരാജയം അറിയാത്ത ഏകടീമാണ് മുംബൈ സിറ്റി. ഏതുവിധേനയും ഈയൊരു കുതിപ്പ് തുടരുവാനാകും ബക്കിംഗ്ഹാമിൻ്റെയും സംഘത്തിൻ്റെയും ശ്രമം. മറുവശത്ത് ആതിഥേയർ വലിയ വെല്ലുവിളിയാകും ഇന്ന് മുംബൈക്ക് മുന്നിൽ ഉയർത്തുക. ഇരുവരും തമ്മിൽ ആദ്യപാദത്തിൽ മുംബൈയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം.
അവസാനം മുഖാമുഖം വന്ന 5 മത്സരങ്ങളിൽ ഒന്നിൽ പോലും എ.ടി.കെയ്‌ക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. 3 മത്സരങ്ങൾ മുംബൈ വിജയിച്ചപ്പോൾ 2 മത്സരങ്ങൾ സമനിലയിലുമായി. നിലവിൽ 13 മത്സരങ്ങളിൽ നിന്നും 33 പോയിൻ്റുമായി മുംബൈ ഒന്നാം സ്ഥാനത്തും, 12 മത്സരങ്ങളിൽ നിന്നും 23 പോയിൻ്റുമായി എ.ടി.കെ നാലാം സ്ഥാനത്തുമാണ് ഉള്ളത്. എന്തായാലും 2 വമ്പന്മാർ തമ്മിൽ വീണ്ടും മുഖാമുഖം വരുമ്പോൾ വിജയം ആർക്കൊപ്പം നിൽക്കുമെന്ന് അറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.