ഐ.എസ്.എല്ലിൽ ബംഗളുരു ഇന്ന് സ്വന്തം തട്ടകത്തിൽ ഒഡീഷയെ നേരിടും.!
ഇന്ത്യൻ സൂപ്പർ ലീഗിൽ വൈകിട്ട് 5.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ബംഗളുരു എഫ്സി, കരുത്തരായ ഒഡീഷയുമായി മാറ്റുരയ്ക്കും. സ്വന്തം തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന മത്സരമായത് കൊണ്ടുതന്നെ സ്വന്തം കാണികൾക്ക് മുന്നിൽ വിജയത്തിൽ കുറഞ്ഞതൊന്നും ബംഗളുരു ലക്ഷ്യം വെക്കുന്നില്ല. ഇരുവരും തമ്മിൽ ആദ്യ പാദത്തിൽ ഒഡീഷയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ബംഗളുരു പരാജയപ്പെടുകയായിരുന്നു.
അതിനൊരു പകരം വീട്ടൽ കൂടിയാവും ചേത്രിയും സംഘവും ഇന്ന് ലക്ഷ്യമിടുക. നിലവിൽ 13 മത്സരങ്ങളിൽ നിന്നും 22 പോയിൻ്റുമായി ഒഡീഷ അഞ്ചാം സ്ഥാനത്തും, അത്രയും മത്സരങ്ങളിൽ നിന്നും 13 പോയിൻ്റുമായി ബംഗളുരു എട്ടാം സ്ഥാനത്തുമാണ് ഉള്ളത്. എന്തായാലും, കടലാസിലെ തുല്യശക്തികൾ തമ്മിൽ കളത്തിൽ ഏറ്റുമുട്ടുമ്പോൾ അതിവാശിയേറിയ പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.