ലിവർപൂളിന് ഇന്ന് കടുപ്പമേറിയ മത്സരം; എതിരാളികൾ ബ്രൈറ്റൺ.!
പ്രീമിയർ ലീഗിൽ ഇന്ന് മുൻ ചാമ്പ്യന്മാരായ ലിവർപൂൾ, ബ്രൈറ്റൺ & ഹോവ് ആൽബിയോണുമായി കൊമ്പുകോർക്കും. ഇന്ത്യൻ സമയം രാത്രി 8.30 ന് കിക്കോഫ് ആകുന്ന മത്സരം ബ്രൈറ്റണിൻ്റെ തട്ടകമായ ഫാൽമർ സ്റ്റേഡിയത്തിൽ വെച്ചാകും അരങ്ങേറുക. ഇരുടീമുകളും തമ്മിൽ ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയ 5 മത്സരങ്ങളിൽ രണ്ട് ടീമുകൾക്കും ഓരോ വിജയങ്ങൾ വീതമാണ് ഉള്ളത്. 3 മത്സരങ്ങൾ സമനിലയിലായി. അവസാനം നടന്ന മത്സരത്തിൽ ഇരുടീമുകളും 3 ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.
നിലവിൽ 17 മത്സരങ്ങളിൽ നിന്നും 28 പോയിൻ്റുമായി ലിവർപൂൾ ഏഴാം സ്ഥാനത്തും, അത്രയും മത്സരങ്ങളിൽ നിന്നും 27 പോയിൻ്റുമായി ബ്രൈറ്റൺ തൊട്ടുപിന്നിലായി എട്ടാം സ്ഥാനത്തുമാണ്. ടേബിളിലെ ടോപ് 4 സ്ഥാനം സ്വപ്നം കാണണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ ക്ലോപ്പിനും സംഘത്തിനും വിജയം കൂടിയേ തീരൂ. വ്യക്തിഗത കാരണങ്ങൾ മൂലം ബെൽജിയൻ താരം ട്രൊസ്സാർഡ് ഇന്ന് ബ്രൈറ്റൺ നിരയിൽ ഉണ്ടാകില്ല. അർജൻ്റൈൻ താരം മക്കലിസ്റ്റർ ആവും ഇന്ന് ആതിഥേയ ടീമിൻ്റെ ശ്രദ്ധാകേന്ദ്രം.
മറുവശത്ത് സലായ്ക്കും, ന്യൂനെസിനുമൊപ്പം പി.എസ്.വിയിൽ നിന്നും കോഡി ഗാക്പോയെ കൂടി ടീമിലെത്തിച്ചതോടെ ആക്രമണനിരയുടെ മൂർച്ച കൂട്ടുവാൻ ലിവർപൂളിന് കഴിഞ്ഞിട്ടുണ്ട്. എന്തായാലും സ്വന്തം തട്ടകത്തിൽ ബ്രൈറ്റൺ വലിയ വെല്ലുവിളി തന്നെയാകും ലിവർപൂളിന് നൽകുക. ആരാകും വിലപ്പെട്ട 3 പോയിൻ്റുകൾ സ്വന്തമാക്കുക എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.