പ്രീമിയർ ലീഗിൽ തീപാറും; ഓൾഡ് ട്രഫോർഡിൽ ഇന്ന് മാഞ്ചസ്റ്റർ ഡെർബി.!
പ്രീമിയർ ലീഗിൽ ഇന്ന് ഏവരും ഉറ്റു നോക്കുന്നൊരു തീപാറും പോരാട്ടത്തിനാണ് അരങ്ങുണരുവാൻ പോകുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് കിക്കോഫ് ആകുന്ന സൂപ്പർ ഡെർബിയിൽ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും, മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ കൊമ്പുകോർക്കും. യുണൈറ്റഡിൻ്റെ തട്ടകമായ ഓൾഡ് ട്രഫോർഡ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുന്നത്. സിറ്റിയുടെ തട്ടകമായ എത്തിഹാദിൽ വെച്ച് ഇരുവരും ഏറ്റുമുട്ടിയപ്പോൾ മൂന്നിനെതിരെ ആറ് ഗോളുകൾക്ക് യുണൈറ്റഡിനെ സിറ്റി തകർത്ത് വിട്ടിരുന്നു.
ഇതിനൊരു പകരം വീട്ടൽ കൂടിയാവും യുണൈറ്റഡ് സ്വന്തം മൈതാനത്ത് ഇന്ന് ലക്ഷ്യമിടുന്നത്. ഏറ്റവും ഒടുവിൽ നടന്ന 5 ഡെർബികളിൽ 4ലും സിറ്റിയായിരുന്നു വിജയിച്ചിരുന്നത്. കേവലം ഒരു മത്സരം മാത്രമാണ് യുണൈറ്റഡിന് ജയിക്കാൻ ആയത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിലും വ്യക്തമായ മേൽക്കൈ സിറ്റിക്ക് അവകാശപ്പെടുവാനുണ്ട്. എന്നിരുന്നാലും, യുണൈറ്റഡ് നിലവിൽ മികച്ച ഫോമിലാണ് ഉള്ളത്. തുടർവിജയങ്ങളിലൂടെയാണ് അവർ കടന്നുവരുന്നത്. ഗോളടി തുടർന്നുകൊണ്ടിരിക്കുന്ന റാഷ്ഫോർഡും, ഹാലണ്ടും തമ്മിലുള്ള പോരാട്ടം കൂടിയാവും ഇന്നത്തേത്.
ഇന്നുകൂടി ഗോൾ നേടിയാൽ ഓൾഡ് ട്രഫോർഡിൽ കൂടുതൽ മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടുന്ന യുണൈറ്റഡ് താരമെന്ന റെക്കോർഡ് റാഷ്ഫോർഡിൻ്റെ പേരിലാവും. നിലവിൽ റൂണിക്കൊപ്പമാണ് താരമുള്ളത്. മറുവശത്ത് ടോപ് സ്കോറർ പട്ടികയിൽ എതിരാളികൾ ഇല്ലാതെ മുന്നേറുകയാണ് ഹാലണ്ട്. താരത്തിൻ്റെ ഗോളടി ഇന്നും തുടർന്നാൽ സിറ്റിക്ക് കാര്യങ്ങൾ എളുപ്പമാകും. നിലവിൽ 17 മത്സരങ്ങളിൽ നിന്നും 39 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ് സിറ്റി. ഇന്നത്തെ മത്സരഫലം എന്തുതന്നെയായാലും, അവർക്ക് സ്ഥാനചലനം ഉണ്ടാകില്ല. മറുവശത്ത് അത്രയും മത്സരങ്ങളിൽ നിന്നും 35 പോയിൻ്റുമായി യുണൈറ്റഡ് നാലാം സ്ഥാനത്താണുള്ളത്.
ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ സിറ്റിയുമായുള്ള പോയിൻ്റ് അകലം ഒന്നായി കുറക്കാൻ യുണൈറ്റഡിന് കഴിയും. എന്തായാലും ഒരിക്കൽ കൂടി മാഞ്ചസ്റ്റർ ഡെർബിക്ക് കളമൊരുങ്ങുമ്പോൾ തീപാറുന്നൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.